തൈക്കാവ് സ്കൂൾ ഇനി വേറെ ലെവലാകും: പത്തനംതിട്ട നഗരത്തിലെ ഏക സർക്കാർ ഹയർസെക്കൻഡറി സ്കൂളിനായി പ്രത്യേക മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു

0 second read
Comments Off on തൈക്കാവ് സ്കൂൾ ഇനി വേറെ ലെവലാകും: പത്തനംതിട്ട നഗരത്തിലെ ഏക സർക്കാർ ഹയർസെക്കൻഡറി സ്കൂളിനായി പ്രത്യേക മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു
0

പത്തനംതിട്ട : നഗരത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ ജി എച്ച് എസ് എസ് തൈക്കാവിനായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കി വികസന കുതിപ്പിന് തുടക്കമിടുകയാണ് നഗരസഭ. സർക്കാർ മേഖലയിലെ പരമ്പരാഗത സ്കൂൾ സങ്കല്പങ്ങളെ ഉടച്ചുവാർത്ത് ആധുനിക സൗകര്യങ്ങളോടെ ഉയർന്ന നിലവാരമുള്ള വിദ്യാലയം നാടിന് സംഭാവന ചെയ്യാനുള്ള സമഗ്ര പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. സ്കൂൾ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മാസ്റ്റർപ്ലാൻ അവതരണം നഗരസഭാ ചെയർമാൻ അഡ്വ. റ്റി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.

ഭാവി നഗരത്തെ മുന്നിൽകണ്ട് തയ്യാറാക്കിയിരിക്കുന്ന പത്തനംതിട്ട മാസ്റ്റർ പ്ലാനിൽ പ്രത്യേക പദ്ധതിയായാണ് തൈക്കാവ് സ്കൂൾ മാസ്റ്റർ പ്ലാൻ ഉൾപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ മറ്റിടങ്ങളിലേതു പോലെ പൊതുസ്ഥലത്തിന്റെ ലഭ്യത കുറവായ സ്കൂളിന് ഈ പരിമിതിയെ മറികടക്കാവുന്ന തരത്തിലുള്ള ഡിസൈനാണ് തയ്യാറാക്കിയിരിക്കുന്നത്. ഭൂമിയുടെ പ്രത്യേകതയും ചരിവും ഉപയോഗപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന പരിസ്ഥിതി സൗഹൃദ രൂപരേഖ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷത്തിനൊപ്പം മാനസിക ഉല്ലാസവും പ്രദാനം ചെയ്യും.

ക്ലാസ് റൂമുകളും ഓഫീസുകളും ഉൾപ്പെടുന്ന കെട്ടിടത്തിന് നടുവിലായി രൂപകൽപ്പന ചെയ്തിരിക്കുന്ന നടുമുറ്റം ക്ലാസ് റൂമിന് പുറത്തെ പഠനത്തിന് കൂടി ഉപകരിക്കുന്ന രീതിയിലാണ്, കുട്ടികൾക്കിടപഴകാനുള്ള പൊതു ഇടങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്, സ്കൂൾ മുറ്റത്ത് തന്നെ ലഭ്യമായ പാറകളും ഉപയോഗിച്ച് നിർമ്മിക്കുന്ന പൂന്തോട്ടം, ഭൂമിയുടെ കിടപ്പിന് അനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന സ്റ്റെപ്പുകൾ എന്നിവ പരിസ്ഥിതി സൗഹൃദ രൂപകൽപ്പനയുടെ പ്രത്യേകതകളാണ്. ഇവ പരിസരത്തോട് ഇണങ്ങിയുള്ള ജീവിതത്തിന് കുട്ടികളെ പ്രാപ്തരാക്കും.

മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്യുന്ന ആംഫിതിയേറ്ററാണ് സ്കൂളിൻ്റ മറ്റൊരു പ്രത്യേകത. സ്കൂൾ കെട്ടിടത്തിന് താഴെയായി ഭൂമിയിൽ തരം മാറ്റം വരുത്താതെ തന്നെ തയ്യാറാക്കുന്ന ഓപ്പൺ എയർ തിയേറ്റർ, ബാഡ്മിൻറൺ കോർട്ട്, ഫുട്ബോൾ കോർട്ട് എന്നിവ കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രാധാന്യം തെളിയിക്കുന്നതാണ്. പൊതുജനങ്ങൾക്ക് യാത്ര ചെയ്യാവുന്ന തരത്തിൽ സ്കൂൾ മുറ്റത്തുകൂടി കടന്നുപോകുന്ന വഴി ഒഴിവാക്കി സ്കൂൾ അന്തരീക്ഷത്തിലെ ബാഹ്യ ഇടപെടലുകൾ കുറയ്ക്കാനും മാസ്റ്റർ പ്ലാൻ നിർദ്ദേശിച്ചിരിക്കുന്നു.

നിലവിലെ നഗരസഭാ ഭരണ സമിതി വിദ്യാഭ്യാസരംഗത്ത് ഇച്ഛാശക്തിയോടെ നടത്തുന്ന ഇടപെടലിൻ്റെ ഭാഗമായി നഗരസൂത്രണ വിഭാഗത്തോട്പ്രത്യേകം ആവശ്യപ്പെട്ടാണ് തൈക്കാവ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിനായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. പത്തനംതിട്ട മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് ഇത്.നഗരത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന്റെ പരാധീനതകൾ മറികടക്കുക എന്നതിനപ്പുറം കുട്ടികൾക്കായി ഉയർന്ന നിലവാരത്തിലുള്ള പഠനാന്തരീക്ഷം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ ടൗൺ പ്ലാനർ അരുൺ.ജി സ്കൂൾ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. സ്കൂൾ പിറ്റിഎ പ്രസിഡൻ്റ് സുരേഷ് ബാബു റ്റി.എം അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് കുമാർ ജി, ഹെഡ്മിസ്ട്രസ് ഗിരിജ എം, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ജാൻസി മേരി വർഗീസ്, സ്റ്റാഫ് സെക്രട്ടറി മിനി.ജി എന്നിവർ പ്രസംഗിച്ചു.

ലഭ്യമായ സ്ഥലം ശാസ്ത്രീയവും പ്രായോഗികവുമായി ഉപയോഗപ്പെടുത്തി ആധുനിക സംവിധാനങ്ങളോടെ പുതിയ സ്കൂൾ ഒരുങ്ങുമ്പോൾ പരാധീനതകളെ മറികടക്കാൻ പ്രാപ്തരായ മികച്ച തലമുറകളെ കൂടി സൃഷ്ടിക്കാൻ കഴിയും. ഇതിനായി വിവിധ വകുപ്പുകളിൽ നിന്ന് ലഭ്യമായ ഫണ്ടുകൾ ഏകോപിപ്പിച്ച് ഉടൻ പ്രവർത്തികൾ ആരംഭിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പൽ ചെയർമാൻ അഡ്വ.റ്റി സക്കീർ ഹുസൈൻ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

ചേത്തയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ടരക്കോടിയുടെ ക്രമക്കേട് നടത്തിയ സെക്രട്ടറിയെ താല്‍ക്കാലിക അഡ്മിനിസ്‌ട്രേറ്റര്‍ തിരിച്ചെടുത്തു: നിയമനം റദ്ദാക്കി ഹൈക്കോടതി

പത്തനംതിട്ട: രണ്ടരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയതിന് അറസ്റ്റിലായി ജയില്‍വാസം കഴിഞ്ഞു വന…