കോന്നി: താലൂക്ക് ഓഫീസ് ജീവനക്കാരുടെ ഉല്ലാസ യാത്ര വിവാദമായതിന് പിന്നാലെ ജില്ലയില്‍ സര്‍വീസ് സംഘടനകള്‍ തമ്മിലുള്ള പോര് മുറുകുന്നു.സിപിഎം-സിപിഐ പാര്‍ട്ടികള്‍ തങ്ങളുടെ സര്‍വീസ് സംഘടനകളെ ഉപയോഗിച്ചാണ് പോര്‍മുഖം തുറന്നിരിക്കുന്നത്.
എന്‍.ജി.ഒ യൂണിയന്റെ സമ്മേളനങ്ങള്‍ നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളുമായി ജോയിന്റ് കൗണ്‍സില്‍ മുന്നോട്ട് പോകുമ്പോള്‍ റവന്യൂ ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള സിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘങ്ങളെയും എന്‍ജിഒ യൂണിയനും സജ്ജമാക്കിയിട്ടുണ്ട്.സംഘടനകള്‍ തമ്മിലുള്ള പോരിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന എന്‍ജിഒ യൂണിയന്റെ ഏരിയ സമ്മേളനങ്ങളില്‍ പങ്കെടുത്തവരില്‍ മിക്കവരും ഹാജര്‍ രേഖപ്പെടുത്തി മുങ്ങിയതാണെന്ന വിവരം പുറത്തുവന്നത്.
സംഭവം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ജോയിന്റ് കൗണ്‍സിലിന്റെയും കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെയും മുതിര്‍ന്ന നേതാക്കളാണെന്നാണ് എന്‍ജിഒ യൂണിയന്റെ ആരോപണം.താലൂക്ക് ഓഫീസ് ജീവനക്കാരുടെ വിനോദയാത്ര സ്‌പോണ്‍സര്‍ ചെയ്തത് പാറമട ലോബിയാണെന്നുള്ള കെ.യു ജിനീഷ് കുമാര്‍ എംഎല്‍എയുടെ ആരോപണമാണ് ജോയിന്റ് കൗണ്‍സിലിനെയും ചൊടിപ്പിച്ചത്.
ജോയിന്റ് കൗണ്‍സിലിന്റെയും എന്‍ജിഒ യൂണിയന്റെയും സമ്മേളനങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഇരു പാര്‍ട്ടികളും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായാണ് അറിയുന്നത്.അതേസമയം എന്‍ജിഒ യൂണിയന്റെ സമ്മേളനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കടന്നു കയറി വീഡിയോയും മറ്റും ചിത്രീകരിക്കുന്നതായും ഇതിന് പിന്നില്‍ ജോയിന്റ് കൗണ്‍സിലാണെന്നും എന്‍ജിഒ യൂണിയന്‍ ആരോപിക്കുന്നു.