കോട്ടയം: യുഡിഎഫ് നേതൃത്വത്തില്‍ ഭരണം നടത്തുന്ന ചിറക്കടവ് സഹകരണ ബാങ്കിലെ നിയമനം സംബന്ധിച്ച തര്‍ക്കം രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് നല്കിയ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില നല്‍കിയില്ലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഭാരവാഹികള്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായിരിക്കുന്ന ഭരണസമിതിക്കെതിരെ ഡിസിസി ഓഫീസിനു മുന്നില്‍ സമരം നടത്താന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനന്തകൃഷ്ണന് നിയമനം നല്‍കണമെന്ന കെപിസിസിയുടെ നിര്‍ദ്ദേശമാണ് ബാങ്ക് ഭരണസമിതി തള്ളിയത്. കെപിസിസി പ്രസിഡന്റ് നിര്‍ദ്ദേശം വന്നപ്പോള്‍ 62 പേരുടെ പട്ടികയില്‍ അനന്ത കൃഷ്ണനെ 61-ാമനാക്കി പരസ്യമായി അപമാനിച്ചുവെന്നും ആരോപണമുണ്ട്. അനന്ത കൃഷ്ണന്റെ പിതാവ് 35 വര്‍ഷമായി ഐഎന്‍ടിയുസി തൊഴിലാളിയാണ്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പരസ്യമായി അപമാനിച്ചവര്‍ സിപി എം നേതാവിന്റെ ഭാര്യക്കും യുഡിഎഫിനെ വഞ്ചിച്ച ജോസ് കെ മാണിയുടെ പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റിന്റെ മകള്‍ക്കും ബാങ്കില്‍ ജോലി നല്‍കിയെന്നും ആരോപണമുണ്ട്.
നിയമനങ്ങളുടെ പിന്നിലും രഹസ്യ ധാരണയ്ക്കും കോണ്‍ഗ്രസിന്റെ ഒരു ഉന്നത നേതാവിന്റെ പിന്തുണയുണ്ടെന്നാണ് ആക്ഷേപം. ഇദ്ദേഹമാണ് കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശം അവഗണിക്കാന്‍ ആവശ്യപ്പെട്ടതെന്ന് അറിയുന്നു. നിയമനങ്ങളില്‍ രണ്ടെണ്ണം ലക്ഷങ്ങള്‍ വാങ്ങി നേതാക്കള്‍ വിറ്റുവെന്നാണ് മറ്റൊരു ആരോപണം. നടന്ന എട്ട് നിയമനങ്ങളില്‍ ഒന്നും ഇനിയുള്ള മൂന്നില്‍ രണ്ടും സി പി എം പ്രതിനിധികള്‍ക്ക് നല്‍കാമെന്ന രഹസ്യ ധാരണയുണ്ടത്രേ.
നിയമനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ബഹു ഭൂരിപക്ഷവും ശക്തമായ പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഒരു ബോര്‍ഡംഗം നിയമനങ്ങളില്‍ നടത്തിയ വഞ്ചനയ്ക്കും അഴിമതിക്കുമെതിരായി കെ പി സി സി ക്കും ഡി സി സി ക്കും പരാതിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ പ്രതിഷേധം രേഖപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആസാദ് എസ് നായരെ സിപിഎം പ്രാദേശിക നേതൃത്വം ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിലെ വിവരങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തിയത് നിയമനങ്ങള്‍ നടത്തിയ നേതാക്കളാണെന്ന് കാണിച്ച് ആസാദ് ഡിസിസി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
ചിറക്കടവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ഷങ്ങളായി നിര്‍ജീവമാണ്. 23 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫിന് ആകെയുള്ളത് ഒരാള്‍ മാത്രമാണ്. പാര്‍ട്ടി ഏതാനും പേരുടെ നിയന്ത്രണത്തിലാണ്. ഇവരുടെ താത്പര്യമാണ് ബാങ്കില്‍ നടക്കുന്നത്. ഇവരാണ് ഇവിടെ പാര്‍ട്ടിയെ നശിപ്പിക്കുന്നതും വില്‍ക്കുന്നതും. ഈ അടുത്ത നാളില്‍ ഒരു രാഷ്ടീയ പ്രവര്‍ത്തനവും നാട്ടില്‍ നടത്താതെ നേതാക്കന്മാരുടെ പെട്ടി ചുമന്ന് ഒരു യോഗ്യതയുമില്ലത്ത ഒരാള്‍ ജാതിയുടെ പേരില്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്ത് വന്നതാണ് ചിറക്കടവിലെ കോണ്‍ഗ്രസിലുണ്ടായ പ്രധാന പ്രശ്നമെന്ന് മറു വിഭാഗം ആരോപിക്കുന്നു.
സി പി എമ്മുമായി സംസ്ഥാനത്ത് ശക്തമായ സമരം നടക്കുമ്പോള്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും വൈസ് പ്രസിഡന്റും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ വഞ്ചന പാര്‍ട്ടിയെ ജില്ലയില്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നിയമന വിവാദം കത്തി നില്‍ക്കെ ജന പ്രതിനിധികള്‍ക്കും ബാങ്ക് ബോര്ഡംഗങ്ങള്ക്കുമായി പാര്‍ട്ടി അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചത് പാര്‍ട്ടിക്ക് വലിയ അപമാനമുണ്ടാക്കിയതായും ഒരു വിഭാഗം പറയുന്നു.