
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിവേഗം വ്യാപിക്കുന്നു. കോവിഡ് വ്യാപനം നവകേരള സദസിന് തടസമുണ്ടാകാത്ത വിധത്തില്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും രംഗത്ത്. കോവിഡ് നിയന്ത്രണത്തിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് വിവിധ ജില്ലകളില്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ഇത് ആരോഗ്യപ്രവര്‍ത്തകര്‍ മാത്രം പാലിച്ചാല്‍ മതിയെന്ന തരത്തിലാണ് സര്‍ക്കുലര്‍ വന്നിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഇത്തരത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിന്ദു മോഹന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ എട്ട് നിര്‍ദേശങ്ങളാണുള്ളത്.
1. നിലവില്‍ ലാബ് സൗകര്യമുളള ആശുപത്രികളില്‍ കോവിഡ് ടെസ്റ്റ് (ആര്‍ടിപിസിആര്‍ ആന്‍ഡ് ആന്റിജന്‍) ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കേണ്ടതാണ്.
2. കോവിഡ് ബാധിതരായവര്‍ക്ക് കിടത്തി ചികില്‍സാ സൗകര്യം വേണ്ടി വരികയാണെങ്കില്‍ മേജര്‍ ആശുപത്രികളില്‍ 10 കിടക്കകള്‍ വീതം സജ്ജമാക്കേണ്ടതാണ്. (ജനറല്‍ ആശുപത്രി തിരുവനന്തപുരം/നെയ്യാറ്റിന്‍കര, ജില്ലാ ആശുപത്രി, നെടുമങ്ങാട് ജില്ലാ മാതൃകാ ആശുപത്രി പേരൂര്‍ക്കട, താലൂക്കാസ്ഥാന ആശുപത്രി ചിറയിന്‍കീഴ്/ പാറശാല, താലൂക്ക് ആശുപത്രി, ആറ്റിങ്ങല്‍/വര്‍ക്കല).
3. ജില്ലാ മോഡല്‍ ആശുപത്രി പേരൂര്‍ക്കട, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തൈക്കാട്, എന്നിവിടങ്ങളില്‍ കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ക്ക് 10 കിടക്കകള്‍ വീതം ലഭ്യമാക്കേണ്ടതാണ്.
4. ഗര്‍ഭിണികള്‍, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ള രോഗികള്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് കോവിഡ് പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.
5. കോവിഡ് രോഗികളെ റഫര്‍ ചെയ്യുന്നതിന് ഡിപിഎംഎസ്‌യു സംവിധാനം നിലവിലില്ലാത്തതിനാല്‍ ആശുപത്രികളില്‍ കോവിഡ് രോഗികളെ റഫര്‍ ചെയ്യേണ്ട സാഹചര്യം വന്നാല്‍ ടി ആശുപത്രികളിലെ പിആര്‍ഓമാര്‍ കോവിഡ് കിടക്കകളുടെ ലഭ്യത ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ റഫര്‍ ചെയ്യുവാന്‍ പാടുള്ളൂ.
6. ആംബുലന്‍സുകള്‍ അണുവിമുക്തമാക്കുന്നതിന് കോവിഡ് ഹോസ്പിറ്റലുകളില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്.
7. ആവശ്യമായ ആര്‍ടിപിസിആര്‍ ആന്‍ഡ് ആന്റിജന്‍ കിറ്റ് ലഭ്യമാക്കുവാന്‍ ജില്ലാ ലാബ് ഓഫീസറെ സമീപിക്കണം.
8. ആവശ്യമായ പി.പി കിറ്റുകള്‍, ഫേസ് ഷീല്‍ഡുകള്‍, പള്‍സ് റെക്‌സിമിറ്റര്‍ എന്നിവ ലഭ്യമാക്കുവാന്‍ സ്‌റ്റോര്‍ വേരിഫിക്കേഷന്‍ ഓഫീസറെ സമീപിക്കണം.
ഈ സര്‍ക്കുലറില്‍ നിന്ന് കോവിഡ് വ്യാപനം ഗൗരവമായി കാണേണ്ട ഒന്നു തന്നെയാണെന്നാണ് വ്യക്തമാകുന്നത്. നവകേരള സദസില്‍ നിര്‍ബന്ധിച്ചും ഭീഷണി മുഴക്കിയും ആയിരങ്ങളെയാണ് എത്തിക്കുന്നത്. ആള്‍ക്കൂട്ടം കോവിഡ് പകരാന്‍ ഇടയാക്കുമെന്നതിന് സംശയമില്ല. നവകേരള സദസ് വരും ദിവസങ്ങളില്‍ തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കും. അത് വരെ രോഗവ്യാപനത്തിന്റെ തീവ്ര അവസ്ഥ മറച്ചു വയ്ക്കുകയാണ് എന്നൊരു ആരോപണവും ഉയരുന്നു.