വാണിജയറാമിന്റെ രൂപം മറഞ്ഞു. പക്ഷേ ശബ്ദത്തിനു മരണമില്ല. കാരണം, ശബ്ദം ആകാശമാണ്: അന്തരിച്ച പ്രിയ ഗായികയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ശ്രീകുമാരന്‍ തമ്പി

4 second read
Comments Off on വാണിജയറാമിന്റെ രൂപം മറഞ്ഞു. പക്ഷേ ശബ്ദത്തിനു മരണമില്ല. കാരണം, ശബ്ദം ആകാശമാണ്: അന്തരിച്ച പ്രിയ ഗായികയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ശ്രീകുമാരന്‍ തമ്പി
0

മലയാള സിനിമാ സംഗീതത്തിന്റെ സുവര്‍ണകാലഘട്ടമായിരുന്നു അറുപതുകള്‍. ശ്രീകുമാരന്‍ തമ്പി-എം.കെ. അര്‍ജുനന്‍ ജോഡി മലയാളത്തിന് സമ്മാനിച്ച ഹിറ്റുകള്‍ക്ക് കൈയും കണക്കുമില്ല. ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളില്‍ ഏറെയും പാടിയത് വാണി ജയറാമായിരുന്നു. വളരെ നല്ലൊരു ബന്ധമായിരുന്നു തമ്പിയും വാണി ജയറാമുമായി ഉണ്ടായിരുന്നത്. ഇന്നിപ്പോള്‍ പ്രിയ ഗായികയുടെ വേര്‍പാടില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി വന്നിരിക്കുകയാണ് ശ്രീകുമാരന്‍ തമ്പി. അതിങ്ങനെ:

‘ഹൃദയത്തോട് അടുത്ത് നില്‍ക്കുന്ന ഒരാള്‍ മരിക്കുമ്പോള്‍ ആ മരണം എന്നെ ഞെട്ടിച്ചു എന്നു പറയുന്ന പതിവുണ്ട് . എന്നാല്‍ വാണി ജയറാമിന്റെ മരണം എന്നെ ശരിക്കും ഞെട്ടിച്ചു എന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്, വാണിക്ക് പദ്മഭൂഷണ്‍ അവാര്‍ഡ് പ്രഖ്യാപിക്കപ്പെട്ടു എന്ന വാര്‍ത്ത കണ്ടപ്പോള്‍ തന്നെ എന്റെ ഭാര്യ രാജി അവരെ ഫോണില്‍ വിളിച്ചു. രാജി ഫോണ്‍ ചെയ്തപ്പോള്‍ വാണിക്ക് ശബ്ദം ശരിയായിരുന്നില്ല. ചേട്ടന്‍ ഇപ്പോള്‍ അവരെ വിളിക്കണ്ട,അവര്‍ക്കു തൊണ്ടയടച്ചിരിക്കയാണ് ‘എന്നു രാജി എന്നോട് പറഞ്ഞു. ഞാന്‍ ഫേസ്ബുക്കില്‍ അവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

എന്റെ ജന്മദേശമായ ഹരിപ്പാട്ടുള്ള ‘സാരംഗ’ എന്ന സാംസ്‌കാരികസംഘടന എന്റെ പേരില്‍ ഒരു പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അരലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന ആദ്യ പുരസ്‌കാരം വാണിജയറാമിനാണ് നല്‍കിയത്. അത് സ്വീകരിക്കാന്‍ അവര്‍ എന്റെ നാട്ടില്‍ വന്നപ്പോള്‍ എടുത്ത ചിത്രം പോസ്റ്റ് ചെയ്ത് ഞാന്‍ ഫേസ്ബുക്കിലൂടെ എന്റെ ഇഷ്ടഗായികയ്ക്ക് ആശംസകള്‍ നേര്‍ന്നു. അടുത്തദിവസം വാണി എന്നെ ഫോണില്‍ വിളിച്ച് നന്ദി പറഞ്ഞു. ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ദൂരദര്‍ശനില്‍ നിന്ന് ഫോണ്‍ വന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ വാര്‍ത്ത ഞാന്‍ കേട്ടത്. പൂര്‍ണ ആരോഗ്യവതിയായിരുന്ന വാണി ജയറാം ഈ ഭൂമിയോടു വിടപറഞ്ഞിരിക്കുന്നു.

അന്ന് വാണിജയറാമിന്റെ വിവാഹവാര്‍ഷികദിനംആയിരുന്നു. ഋഷീകേശ് മുക്കര്‍ജിയുടെ ‘ഗുഡ്ഡി’ എന്ന സിനിമയിലെ ‘ബോല്‍രേ പപീഹരാ ‘എന്ന ഗാനം കേട്ടപ്പോള്‍ ഹിന്ദിസിനിമയില്‍ ഒരു പുതിയ ഗായികയുടെ വരവില്‍ ഞാന്‍ ആഹ്ലാദിച്ചു. ലതാ മങ്കേഷ്‌ക്കര്‍ക്കും ആശാ ബോണ്‍സ്ലെക്കും ശേഷം ഒരു മികച്ച ഗായിക കൂടി ഇന്ത്യന്‍ സിനിമാവേദിയില്‍ എത്തിയിരിക്കുന്നു എന്നു തന്നെ ഞാന്‍ വിചാരിച്ചു. വസന്ത ദേശായിയും നൗഷാദും ഈ ഗായികയുടെ നാദമാധുരിയെയും ശ്രുതിശുദ്ധിയെയും പുകഴ്ത്തിപറയുകയുണ്ടായി . സലില്‍ചൗധരിയുടെ സംഗീതത്തില്‍ ‘സ്വപ്നം ‘ എന്ന സിനിമയില്‍ ഓ.എന്‍,വി എഴുതിയ ‘സൗരയൂഥത്തില്‍ വിടര്‍ന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി ‘ എന്ന ഗാനം പാടി വാണിജയറാം മലയാളസിനിമയിലെത്തി. അധികം വൈകാതെ ഞാനും അര്‍ജുനനും വാണിജയറാമിന് പാട്ടുകള്‍ നല്‍കണമെന്ന് തീരുമാനിച്ചു. 1973 ലായിരുന്നു സ്വപ്നം പുറത്തുവന്നത്.

അടുത്തവര്‍ഷം തന്നെ ഞാന്‍ സംഭാഷണവും പാട്ടുകളും എഴുതിയ ‘പ്രവാഹം ‘എന്ന സിനിമയില്‍ പാടിയ ‘മാവിന്റെ കൊമ്ബിലിരുന്നൊരു മൈന വിളിച്ചു…വാ…വാ…വാ ‘എന്ന പാട്ടാണ് വാണിജയറാം യേശുദാസുമായി ചേര്‍ന്നു പാടിയ ആദ്യത്തെ യുഗ്മഗാനം . അടുത്തവര്‍ഷം (1975 ) ഞാന്‍ സംവിധാനം ചെയ്ത ‘തിരുവോണം ‘ എന്ന സിനിമയില്‍ അര്‍ജുനന്റെ ഈണത്തില്‍ വാണിജയറാം പാടിയ ‘തിരുവോണപ്പുലരി തന്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റ മണിഞ്ഞൊരുങ്ങി …’ എന്ന ഗാനം സൂപ്പര്‍ഹിറ്റ് ആയി മാറി. പിക്‌നിക്കിലെ ‘ വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി വൈശാഖാരാത്രിയൊരുങ്ങും …'( യേശുദാസിനോടൊപ്പം ) എന്ന പാട്ടും ‘സിന്ധു ‘എന്ന സിനിമയിലെ ‘തേടി തേടി ഞാനലഞ്ഞു പാടിപ്പാടി ഞാന്‍ തിരഞ്ഞു…’ എന്ന ഗാനവും 1975ല്‍ തന്നെ പുറത്തു വന്നു, പിന്നീട് ഞാന്‍ എഴുതി അര്‍ജുനനും ദക്ഷിണാമൂര്‍ത്തിയും എം.എസ്.വിശ്വനാഥനും ഈണം നല്‍കിയ അനവധി രചനകള്‍ക്ക് വാണിജയറാം ശബ്ദം പകര്‍ന്നു.
എന്‍ ചിരിയോ പൂത്തിരിയായ് നിന്നധരത്തില്‍ (യേശുദാസിനോടൊപ്പം,,സിന്ധു. അര്‍ജുനന്‍ ), ലജ്ജാവതീ ലജ്ജാവതീ നിന്‍ മിഴികളടഞ്ഞു( യേശുദാസിനൊപ്പം പുലിവാല്‍), ആകാശം അകലെയെന്നാരു പറഞ്ഞു(വേനലില്‍ ഒരു മഴ-എം.എസ്.വി ), ഏതു പന്തല്‍ കണ്ടാലും അത് കല്യാണപ്പന്തല്‍ (വേനലില്‍ ഒരു മഴ-എം.എസ്.വി), ഇളം മഞ്ഞിന്‍ നീരോട്ടം എങ്ങും കുളിരിന്റെ തേരോട്ടം ( പാതിരാസൂര്യന്‍ ദക്ഷിണാമൂര്‍ത്തി ), പകല്‍സ്വപ്നത്തിന് പവനുരുക്കുംപ്രണയരാജശില്പീ ഇന്നു സന്ധ്യ കവര്‍ന്നെടുത്ത സ്വപ്നം എത്ര പവന്‍? അമ്പലവിളക്ക് യേശുദാസിനോടൊപ്പം ദക്ഷിണാമൂര്‍ത്തി.) മഞ്ഞപ്പട്ടു ഞൊറിഞ്ഞു വാനം നീലവാനം…..( അമ്പലവിളക്ക് ദക്ഷിണാമൂര്‍ത്തി )ഈ രാഗത്തില്‍ വിടരും മോഹനം ഇരുഹൃദയപ്പൂക്കളില്‍ തുളുമ്ബും സൗരഭം …(യേശുദാസിനോടൊപ്പം കതിര്‍ മണ്ഡപം.ദക്ഷിണാമൂര്‍ത്തി.),ഏപ്രില്‍ മാസത്തില്‍ വിടര്‍ന്ന ലില്ലിപ്പൂ ( ജീവിതം ഒരു ഗാനംഎം.എസ്.വി. ) നിലവിളക്കിന്‍ തിരിനാളമായ് വിടര്‍ന്നു നിറകതിര്‍ ചൊരിയുമെന്‍ ഹൃദയം.( ശാന്ത ഒരു ദേവത-അര്‍ജുനന്‍ ) അണ്ണന്റെ ഹൃദയമല്ലോ അനുജത്തി തന്‍ അമ്ബലം ( എല്ലാം നിനക്ക് വേണ്ടി- ദക്ഷിണാമൂര്‍ത്തി ) കാവാലം ചുണ്ടന്‍വള്ളം അണിഞ്ഞൊരുങ്ങി ( യേശുദാസിനോടൊപ്പംസിംഹാസനം. എം.എസ്.വി. )കുങ്കുമപ്പൊട്ടിലൂറും കവിതേ ( പാല്‍ക്കടല്‍എ.ടി.ഉമ്മര്‍ )ചിരിയോ ചിരി ചിരിയോ ചിരി ചിലമ്ബണിഞ്ഞ തെക്കന്കാറ്റിനു ചിരിയൊതുക്കാന്‍ മേലാ (യേശുദാസിനൊപ്പംദക്ഷിണാമൂര്‍ത്തി )

പുലരിയോടോ സന്ധ്യയോടോ പ്രിയനു പ്രേമം ( യേശുദാസിനോടൊപ്പം.സിംഹാസനം.എം.എസ്.വി ), ിറങ്ങളില്‍ നീരാടുന്ന ഭൂമി ( സ്വന്തം എന്ന പദംജയചന്ദ്രനോടൊപ്പം ശ്യാം). ിനിമയില്‍ പാടിയ പാട്ടുകളും ഞാന്‍ തന്നെ ഈണം പകര്‍ന്ന ആല്‍ബം ഗാനങ്ങളും ഉള്‍പ്പെടുത്തിയാല്‍ ഞാന്‍ എഴുതിയ നൂറിലേറെ പാട്ടുകള്‍ക്ക് വാണിജയറാം ശബ്ദം നല്‍കിയിട്ടുണ്ട്. എന്റെ ‘ഗാനം’ എന്ന സിനിമയില്‍ ഇരയിമ്മന്‍തമ്ബിയുടെ ‘ കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ, കഴലിണ കൈതൊഴുന്നേന്‍…’എന്ന അതിമനോഹരമായ പ്രാര്‍ത്ഥനാഗീതം പാടിയത് വാണിജയറാം ആണ്. വിഷുക്കണി എന്ന ചിത്രത്തില്‍ സലില്‍ ദായുടെ ഈണത്തില്‍ ഞാന്‍ എഴുതിയ ‘ കണ്ണില്‍ പൂവ് , ചുണ്ടില്‍ പാല് ,തേന് ‘ എന്ന പാട്ട് എത്ര മനോഹരമായിട്ടാണ് അവര്‍ പാടിയത്.

എല്ലാ ചാനല്‍ അഭിമുഖങ്ങളിലും എന്റെയും അര്‍ജുനന്‍ മാസ്റ്ററുടെയും പേരുകള്‍ ആ മഹതി എടുത്തു പറയുമായിരുന്നു. വാണിയുടെ ഭര്‍ത്താവും എന്റെ അടുത്ത സുഹൃത്ത് ആയിരുന്നു. ഒരു മാതൃകാ ദാമ്ബത്യമായിരുന്നു അത്. ജയറാമിന് ബോംബെയില്‍ വളരെ ഉയര്‍ന്ന ഉദ്യോഗം ഉണ്ടായിരുന്നു. സംഗീതത്തില്‍ വാണിക്കു നല്ല ഭാവിയുണ്ടെന്നു മനസ്സിലായപ്പോള്‍ അവരെ സഹായിക്കാനായി അദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ചു. ജയറാം നല്ല സിതാര്‍വാദകനും ആയിരുന്നു. ആദ്യകാലത്ത് വാണിക്കും സ്‌റ്റേറ്റ് ബാങ്കില്‍ ഉദ്യോഗം ഉണ്ടായിരുന്നു. അവരെ രണ്ടുപേരെയും ഒന്നിച്ചല്ലാതെ ഞാന്‍ കണ്ടിട്ടില്ല. ജയറാമിന്റെ മരണം വാണിയെ വല്ലാതെ ബാധിച്ചു. കുറച്ചുകാലം അവര്‍ പാടിയില്ല.

പിന്നെ അഭ്യുദയകാംക്ഷികളുടെയും ബന്ധുക്കളുടെയും ഉപദേശങ്ങള്‍ കേട്ട് അവര്‍ സംഗീതത്തിലേക്ക് തിരിച്ചു വന്നു. തന്നെ അംഗീകരിച്ചവരോടെല്ലാം മനസ്സില്‍ നന്ദിയും കടപ്പാടും സൂക്ഷിച്ച സ്ത്രീയായിരുന്നു വാണിജയറാം. മലയാളത്തില്‍ ആദ്യത്തെ പാട്ടു നല്‍കിയ നിര്‍മ്മാതാവും ഫോട്ടോഗ്രാഫറുമായ ശിവന്റെ ഭാര്യയുടെ ചരമദിനത്തില്‍ അവര്‍ പതിവായി തിരുവനന്തപുരത്തെ ശിവന്റെ വീട്ടില്‍ വന്നു ഭജന്‍സ് പാടുമായിരുന്നു. എന്റെ കുടുംബവുമായും അവര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എനിക്ക് അവര്‍ സ്‌നേഹസമ്ബന്നയായ സഹോദരിയെ പോലെയായിരുന്നു. വാണിജയറാമിന്റെ രൂപം മറഞ്ഞു. പക്ഷേ ശബ്ദത്തിനു മരണമില്ല. കാരണം, ശബ്ദം ആകാശമാണ്…”

Load More Related Articles
Load More By chandni krishna
Load More In SHOWBIZ
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …