കേരളത്തിലെ റെയില്‍ പദ്ധതികളുടെ സ്തംഭനാവസ്ഥ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ

0 second read
Comments Off on കേരളത്തിലെ റെയില്‍ പദ്ധതികളുടെ സ്തംഭനാവസ്ഥ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ
0

കേരളത്തില്‍ റെയില്‍വേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ട് രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആവശ്യമായ ഭൂമി ഏറ്റെടുക്കാത്തതിനാല്‍ സംസ്ഥാനത്തെ മിക്ക റെയില്‍വേ പദ്ധതികളും മുന്നോട്ടുപോകുന്നില്ലെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചത് ഗൗരവതരമാണ്. കേരളത്തിലെ റെയിൽവെ പദ്ധതികളുടെ സ്തംഭനാവസ്ഥയ്ക്ക് കാരണം മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരുമാണ്.

സംസ്ഥാനത്തെ പ്രധാന റെയില്‍വേ വികസനപ്രവര്‍ത്തികള്‍ക്കായി ആവശ്യമായ 470 ഹെക്ടര്‍ ഭൂമിയില്‍ ഇതുവരെ 64 ഹെക്ടര്‍ ഭൂമി മാത്രമാണ് ലഭ്യമായതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ആവശ്യമായ ഭൂമിക്കുള്ള 2,100 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടും ഇതാണ് അവസ്ഥ. സംസ്ഥാനത്താകെ 12,350 കോടി രൂപ ചെലവിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളാണ് റെയില്‍വേ നടത്തുന്നത്. എക്കാലത്തെയും വലിയ തുകയായ 3,011 കോടി രൂപയാണ് 2024- 25 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതെന്നും കത്തിലുണ്ട്.

സംസ്ഥാനത്തെ നാല് പ്രധാന പദ്ധതികള്‍ക്ക് ആവശ്യമായതും ഏറ്റെടുത്തതുമായ സ്ഥലത്തിന്റെ വിശദവവിവരങ്ങളും കത്തിനൊപ്പമുണ്ട്. തിരുവനന്തപുരം – കന്യാകുമാരി പാതയിരട്ടിപ്പിക്കല്‍, എറണാകുളം – കുമ്പളം പാതയിരട്ടിപ്പിക്കല്‍, കുമ്പളം – തുറവൂര്‍ പാതയിരട്ടിപ്പിക്കല്‍, അങ്കമാലി – ശബരിമല പാത എന്നിവയാണ് കത്തില്‍ പരാമര്‍ശിക്കുന്ന പദ്ധതികള്‍. അങ്കമാലി – ശബരിമല പുതിയ ലൈനിനായി 416 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കണം. എന്നാല്‍ ഇതില്‍ 24 ഹെക്ടര്‍ സ്ഥലം മാത്രമാണ് ഏറ്റെടുത്തത്. 392 ഹെക്ടര്‍ കൂടി ഏറ്റെടുക്കണം. ഭൂമിക്കായി 282 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയതായും കത്തില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം – കന്യാകുമാരി പാതയിരട്ടിപ്പിക്കലിനായി 40 ഹെക്ടര്‍ ഭൂമി വേണം. ഇതില്‍ 33 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഏഴ് ഹെക്ടര്‍ ഭൂമി കൂടി ഏറ്റെടുക്കണം. ആകെ 1312 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. എറണാകുളം – കുമ്പളം പാതയിരട്ടിപ്പിക്കലിനായി നാല് ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം, രണ്ട് ഹെക്ടര്‍ ഏറ്റെടുത്തു. 262 കോടി രൂപ ഇതിനായിനല്‍കി. കുമ്പളം – തുറവൂര്‍ പാതയിരട്ടിപ്പിക്കലിനായി 10 ഹെക്ടര്‍ ഭൂമി വേണം. ഇതില്‍ അഞ്ച് ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു.248 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അനിവാര്യമാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ആവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്നും അശ്വിനി വൈഷ്ണവ് ആവശ്യപ്പെടുന്നു.
റെയില്‍വേയുടെ വികസനം കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കുമെന്നും കത്തില്‍ പറയുന്നു. സംസ്ഥാനത്ത് റെയില്‍വേ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ ഭൂമി ലഭ്യമാകുന്നില്ലെന്ന് അശ്വിനി വൈഷ്ണവ് തന്നെ നേരത്തെ പല തവണ വ്യക്തമാക്കിയിരുന്നു. വാക്കാല്‍ ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് കേന്ദമന്ത്രിതന്നെ നേരിട്ട് സംസ്ഥാന മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്.
അങ്കമാലി – ശബരിമല പുതിയ ലൈന്‍
വേണ്ടത് 416 ഹെക്ടര്‍ സ്ഥലം.
ഏറ്റെടുത്തത് 24 ഹെക്ടര്‍ മാത്രം.
282 കോടി രൂപ റെയില്‍വേ നല്‍കി. നാഴികയ്ക്ക് നാൽപ്പതുവട്ടം കേന്ദ്ര അവഗണന എന്ന് വിലപിക്കുന്ന സംസ്ഥാന സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

പുല്ലാട് ജി ആന്‍ഡ് ജി തട്ടിപ്പ്: ഒളിച്ചു നടന്ന എം.ഡി. സിന്ധു വി. നായര്‍ പിടിയിലായതിന്  പിന്നാലെ കൂടുതല്‍ കേസില്‍ അറസ്റ്റ്

പത്തനംതിട്ട: നിരവധി നിക്ഷേപകരില്‍ നിന്നായി കോടികള്‍ തട്ടിയ കേസില്‍ പുല്ലാട് ജി ആന്‍ഡ് ജി ഉ…