അടൂര്‍: നഗരസഭയിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍ സ്ഥാനമൊഴിയുന്നത് സംബന്ധിച്ച സിപിഎം ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശം അവഗണിച്ച് ഏരിയാ സെക്രട്ടറി. സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍ റോണി പാണംതുണ്ടില്‍ ധാരണ പ്രകാരം രാജി വയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി നിര്‍ദേശിച്ചപ്പോള്‍ ആദ്യം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജി വയ്ക്കട്ടെ എന്ന നിലപാടിലാണ് ഏരിയാ സെക്രട്ടറി. ഇതിന്റെ പരിണിത ഫലമെന്നോണം ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദിനെതിരേ അഴിമതി ആരോപണവുമായി റോണി പാണംതുണ്ടില്‍ രംഗത്തു വന്നു.
ഇതോടെ സി.പി.എം ഏരിയ കമ്മറ്റിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലുമായി ഒതുങ്ങി നിന്നിരുന്ന വിഷയം പരസ്യമായി പുറത്തു വന്നു. ഘടക കക്ഷികള്‍ കൂടി ഏറ്റു പിടിച്ചതോടെ ഭരണസമിതിയില്‍ അഭിപ്രായഭിന്നത രൂക്ഷമായി.
ചെയര്‍പേഴ്‌സണ്‍ അഴിമതിക്കാരിയാണെന്ന് റോണി പറഞ്ഞതോടെ പ്രതിപക്ഷാംഗങ്ങളുള്‍പ്പെടെ സ്തബ്ധരായി. പിന്നാലെ, ചെയര്‍പേഴ്‌സന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.
ദിവ്യ റെജി മുഹമ്മദ് സിപിഎം ഏരിയ കമ്മറ്റി അംഗവും റോണി പാണംതുണ്ടില്‍ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. കഴിഞ്ഞ ദിവസം പറക്കോട് സ്ഥാപിച്ച ബങ്കറിലും നഗരത്തിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിലും ചെയര്‍പേഴ്‌സണ്‍ ഇടപെട്ടതായും ഇതില്‍ അഴിമതിയുണ്ടെന്നുമാണ് റോണിയുടെ ആരോപണം. ഭരണസമിതിയുടെ ആദ്യ രണ്ട് വര്‍ഷം സി.പി.ഐയിലെ ഡി. സജി ചെയര്‍മാനും ദിവ്യ റെജി മുഹമ്മദ് വൈസ് ചെയര്‍പേഴ്‌സണുമായിരുന്നു. എല്‍.ഡി.എഫ് ധാരണ പ്രകാരം സിപിഐ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ദിവ്യ റെജി മുഹമ്മദിനെയാണ് സി.പി.എം ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. മറ്റൊരു ഏരിയാ കമ്മിറ്റിയംഗമായ റോണി പാണംതുണ്ടിലിനെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം വന്നത് ഒരുവിഭാഗത്തെ ചൊടിപ്പിച്ചിരുന്നു.
ധാരണ പ്രകാരം റോണി പാണംതുണ്ടില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സി.പി.എമ്മിന്റെ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന് പകരം ദിവ്യ റെജി മുഹമ്മദ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഒഴിയണമെന്ന വിചിത്രമായ ആവശ്യമാണ് ഏരിയ നേതൃത്വം മുന്നോട്ടു വച്ചത്. ഇക്കാര്യത്തില്‍ ജില്ലാ നേതൃത്വത്തിന്റെ ആവശ്യം ഫലത്തില്‍ ഏരിയാ നേതൃത്വം തള്ളിയിരിക്കുകയാണ്. ഏരിയാ കമ്മറ്റി നേതാക്കളില്‍ ചിലര്‍ക്ക് വേണ്ടപ്പെട്ടയാളാണ് റോണി എന്നതാണ് കാരണം. ഏിയാ സെക്രട്ടറിയുടെ ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെയും മനസാക്ഷല സൂക്ഷിപ്പുകാരനാണ് റോണി പാണംതുണ്ടില്‍. റോണിയെ പിണക്കിയാല്‍ ഇവര്‍ക്ക് പല തിരിച്ചടികളും നേരിടേണ്ടി വരും. ഇക്കാരണം കൊണ്ടാണ് റോണിയെ മാറ്റുന്നത് സംബന്ധിച്ച സിപിഎം ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശം പോലും ഇവര്‍ മറി കടന്നിരിക്കുന്നത് എന്നാണ് ആക്ഷേപം.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം വേണം: സി.പി.ഐ
റോണി പാണംതുണ്ടില്‍ വഹിക്കുന്ന ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ധാരണ പ്രകാരം തങ്ങള്‍ക്കു ലഭിക്കണമെന്ന സി.പി.ഐയുടെ ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് സി.പി.എമ്മിലും അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നതെന്ന് പറയുന്നു. സ്ഥാനം ഒഴിയാന്‍ റോണിയോട് സി.പി.എം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏരിയാ സെക്രട്ടറി അടക്കമുള്ളവര്‍ റോണിയ്ക്ക് അനുകൂല നിലപാടാണ് എടുത്തത്. ഇതു സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ സി.പി.എം, സി.പി.ഐ നേതാക്കള്‍ യോഗം ചേര്‍ന്നെങ്കിലും തീരുമാനമായില്ല. തുടര്‍ന്ന് അവിശ്വാസത്തിന് സി.പി.ഐ നോട്ടീസ് നല്‍കിയിരിക്കുകയാണ്. സ്ഥിരം സമിതിയില്‍ സി.പി.ഐയ്ക്ക് ഭൂരിപക്ഷമുണ്ട്.
അഴിമതികള്‍ മറച്ചുവച്ച ഭരണം: യു.ഡി.എഫ്
അടൂര്‍: നഗരസഭയില്‍ അഴിമതികള്‍ മറച്ചുവച്ചാണ് എല്‍.ഡി.എഫ് ഭരണം നടത്തിവരുന്നതെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഭരണപക്ഷ കൗണ്‍സിലര്‍ തന്നെ ചെയര്‍പേഴ്‌സണ്‍ അഴിമതി നടത്തിയതായി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ഭരണത്തില്‍ തുടരാന്‍ അവര്‍ക്ക് അധികാരമില്ല.
സി.പി.ഐ ചെയര്‍മാന്‍ ആയിരുന്ന കാലയളവ് മുതല്‍ ഇരുപാര്‍ട്ടികളും ചേര്‍ന്ന് അഴിമതി ഭരണമാണ് നടത്തിവന്നതെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി. സി.പി.ഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി. സജി ചെയര്‍മാനായിരുന്ന കാലയളവില്‍ സര്‍ക്കാരില്‍ നിന്നും പത്തു ലക്ഷം രൂപ വാങ്ങി നിര്‍മിച്ച കണ്ടെയ്‌നര്‍ അഴിമതി കൂടി അന്വേഷിക്കണമെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാരായ വി. ശശികുമാര്‍, ഗോപു കരുവാറ്റ, സൂസി ജോസഫ്, സുധ പദ്മകുമാര്‍, ബിന്ദു കുമാരി, അനു വസന്തന്‍, ലാലി സജി, ശ്രീലക്ഷ്മി ബിനു എന്നിവര്‍ ആവശ്യപ്പെട്ടു.