പത്തനംതിട്ട: സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയും പത്തനംതിട്ട ടൗണ്‍ ജമാഅത്ത് അംഗവുമായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജമാഅത്തിനെതിരെ നടത്തിയ പരാമര്‍ശം ഖേദകരമാണെന്ന് പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞു. സ്ഥലം എം.എല്‍.എ എന്ന നിലയില്‍ മന്ത്രി വീണ ജോര്‍ജ് സംസ്‌കാര ചടങ്ങില്‍ എത്താതിരുന്നതിലുള്ള വിഷമമാണ് ജമാഅത്ത് പ്രകടിപ്പിച്ചത്. ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല.
ജമാഅത്ത് അംഗങ്ങളുടെ പൊതു വികാരമാണ് പ്രകടിപ്പിച്ചത്. ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് ജനാധിപത്യ അവകാശമാണ്. രാജ്യത്തെ ഉന്നത ഭരണഘടന പദവികളില്‍ സ്തുത്യര്‍ഹമായ സേവന ചെയ്ത ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഭൗതിക ശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്താതിരുന്നതിലുള്ള മന്ത്രി വീണ ജോര്‍ജിന്റെ പ്രവര്‍ത്തി ജമാഅത്ത് അംശങ്ങളില്‍ വേദന ഉളവാക്കിയിട്ടുണ്ട്. നവ കേരള സദസ്സില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആകില്ല എന്നതാണ് മന്ത്രി എത്താതിരുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ മറ്റ് ആവശ്യങ്ങള്‍ക്കും സംസ്‌കാരച്ചടങ്ങുകളിലും മന്ത്രിമാര്‍ നവകേരള സദസില്‍ നിന്ന് വിട്ടു നില്‍ക്കുകയും പങ്കെടുക്കുകയും ചെയതിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട് വേദനാജനകമാണെങ്കിലും അപ്രതീക്ഷിതമായിരുന്നില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഇത്തരമൊരു സമീപനം മതനിരപേക്ഷ സമൂഹം തീരെ പ്രതീക്ഷിച്ചതല്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിക്കും ഞെട്ടലോടെയാണ് കേട്ടത്. സ്വന്തം മന്ത്രിയെ ന്യായീകരിക്കാന്‍ വേണ്ടി ഒരു സമുദായത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. മറ്റ് ലക്ഷ്യങ്ങള്‍ വച്ചാണ് ജമാഅത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായ പ്രതികരണം എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അത്യന്തം നിര്‍ഭാഗ്യകരമാണന്നും ഇത് സമുദായ അംഗങ്ങള്‍ക്ക് മുഴുവന്‍ വേദന ഉളവാക്കിയെന്നും ജമാഅത്ത് പ്രസിഡന്റ് ഹാജി എച്ച്. ഷാജഹാന്‍, ചീഫ് ഇമാം അബ്ദൂള്‍ ഷുക്കൂര്‍ മൗലവി, ട്രഷറര്‍ റിയാസ് എ. കാദര്‍, ജോയിന്റ് സെക്രട്ടറി എം. എസ്.അന്‍സാരി , എം. മുഹമ്മദ് ഹനീഫ് എന്നിവര്‍ പറഞ്ഞു.