തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം 2.10 ലക്ഷം കോടിയിലെത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച 12.1 ശതമാനമായി ഉയര്‍ന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2012-13 ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കി. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി നിയമസഭയില്‍ വെച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയ കൃഷി, വ്യവസായ മേഖലകള്‍ ഇത്തവണ വളര്‍ച്ച കൈവരിച്ചു. റവന്യൂ വരുമാനം 12.86 ശതമാനമായി വര്‍ധനിച്ചു. റവന്യൂ കമ്മിയും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അന്തരം 4.11 ശതമാനമായി കൂടി. ഇത് ഈ സാമ്പത്തിക വര്‍ഷത്തില്‍ 3.9 ശതമാനമായി കുറയും.
മൊത്തം ആഭ്യന്തര ഉത്പാദനം 12.86 ശതമാനമായി. കോവിഡ് കാലത്ത് നടപ്പാക്കിയ ഉത്തേജക പാക്കേജുകള്‍ വളര്‍ച്ചയ്ക്ക് സഹായമായെന്നാണ് വിലയിരുത്തല്‍. പൊതുകടം 2.10 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷം പൊതുകടം 1.90 ലക്ഷം കോടി രൂപയായിരുന്നു. ആഭ്യന്തര കടത്തിന്റെ വളര്‍ച്ചാ നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര വിഹിതം, ഗ്രാന്റ് എന്നിവ 0.82 ശതമാനമായി കുറഞ്ഞതായും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളിലെ മാറ്റങ്ങള്‍ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി. സ്ഥാപനം എടുത്ത വായ്പ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തി. കേന്ദ വിഹിതം വെട്ടിക്കുറച്ചു, ജി.എസ്.ടി നഷ്ട പരിഹാരം നീട്ടാത്തത് എന്നിവയും പ്രതിസന്ധിക്ക് കാരണമായെന്ന് ധനമന്ത്രി വ്യക്തമാക്കി. എന്നാല്‍, സാമൂഹ്യ ക്ഷേമ പെന്ഷന് മുടങ്ങില്ലെന്ന് മന്ത്രി പറഞ്ഞു.