
പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പ പ്രതിഷ്ഠ പമ്പ ത്രിവേണിയില്‍ ചിങ്ങം ഒന്നിന് അനാഛാദനം ചെയ്യും. സിനിമ നിര്‍മാതാവും വ്യവസായിയുമായ ബൈജു അമ്പലക്കരയാണ് പ്രതിഷ്ഠ സ്‌പോണ്‍സര്‍ ചെയ്യുന്നത്. സ്വാമി ഭക്തര്‍ക്ക് തീര്‍ഥാടന വഴിയില്‍ ആരാധനാ പീഠമായി ഇനി പുലിവാഹനനായ അയ്യപ്പനും ഉണ്ടാകും.
ത്രിവേണിയില്‍ ഒരുങ്ങിയത് ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പ പ്രതിഷ്ഠയാണെന്ന് അമ്പലക്കര ബൈജു പറഞ്ഞു. പമ്പയില്‍ നിന്ന് ത്രിവേണിയിലേക്കിറങ്ങുന്ന പാതയോരത്ത് ദേവസ്വം ബോര്‍ഡിന്റെ ഭൂമിയിലാണ് ഇന്ത്യയിലെ തന്നെ വിസ്മയമാകുന്ന പുലി വാഹനനായ അയ്യപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രതിഷ്ഠാ പീഠം ഉള്‍പ്പെടെ 28 അടി ഉയരമുള്ളതാണ് അയ്യപ്പ രൂപം. 48 വര്‍ഷം മുടക്കം ഇല്ലാതെ അയ്യപ്പ ദര്‍ശനം നടത്തിയ ഭക്തനാണ് ബൈജു അമ്പലക്കര.
എ. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുമ്പോഴാണ് പുലിവാഹനന്റെ പ്രതിഷ്ഠ നിര്‍മ്മിക്കാനുള്ള ആശയം ജനിച്ചത്. പത്മകുമാറില്‍ നിന്ന് വിവരമറിഞ്ഞ ബൈജു വലിയ ചെലവു വരുന്ന പുലി വാഹനന്റെ നിര്‍മ്മാണം നേര്‍ച്ചയായി ഏറ്റെടുക്കുകയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് നിര്‍മ്മാണം ആരംഭിച്ചെങ്കിലും കോവിഡ് അടക്കമുള്ള പ്രതിസന്ധികള്‍ ഏറെ വിഘാതം സൃഷ്ടിച്ചു. നിലവില്‍ കെ. അനന്തഗോപന്‍ പ്രസിഡന്റായ ബോര്‍ഡ് വന്ന ശേഷമാണ് നിര്‍മ്മാണം സജീവമായത്. ചാത്തന്നൂര്‍ ശന്തനുവാണ് ശില്പി. പണി പൂര്‍ത്തീകരിച്ച പുലിവാഹന അയ്യപ്പ പ്രതിഷ്ഠ ചിങ്ങം ഒന്നിന് ഉച്ചയ്ക്ക് ഒന്നിന് ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിക്കും. കെ. അനന്തഗോപന്‍ അനാച്ഛാദനം നിര്‍വ്വഹിക്കും. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ സുന്ദരേശന്‍, അഡ്വ. ഗോപന്‍, ദേവസ്വം കമ്മീഷണര്‍, സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും.