പത്തനംതിട്ട: ഓട വളച്ചു പണിയരുതെന്ന് തിരുമാനം എടുത്തത് സിപിഎം ഭരിക്കുന്ന കൊടുമണ്‍ പഞ്ചായത്ത്. മന്ത്രിയുടെ ഭര്‍ത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞത് സിപിഎം ജില്ലാ കമ്മറ്റിയംഗമായ പഞ്ചായത്ത് പ്രസിഡന്റ്. സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത് ഓട പ്രശ്‌നം ചര്‍ച്ച ചെയ്തത് ഡെപ്യൂട്ടി സ്പീക്കര്‍. എന്നിട്ടും കുറ്റക്കാര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെന്ന് മന്ത്രി വീണ. ഭര്‍ത്താവ് ജോര്‍ജ് ജോസഫിന് വേണ്ടി പാര്‍ട്ടി ജില്ലാ നേതൃത്വവും പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസും വഴിവിട്ട് ഇടപെട്ടുവെന്ന് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ പ്രതിരോധിച്ച് മന്ത്രി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വിശദീകരണ കുറിപ്പിലാണ് കുറ്റം മുഴുവന്‍ മാധ്യമങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. പഞ്ചായത്ത് കമ്മറ്റിയും സര്‍വ കക്ഷിയോഗവും എടുത്ത തീരുമാനവും സിപിഎം ജില്ലാ കമ്മറ്റിയംഗമായ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ ജോര്‍ജ് ജോസഫിനെതിരേ നടത്തിയ പ്രസ്താവനയും സൗകര്യപൂര്‍വം വിസ്മരിച്ചാണ് മാധ്യമങ്ങളെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും കുറ്റപ്പെടുത്തി മന്ത്രി വിശദീകരണം നല്‍കിയിരിക്കുന്നത്.
ഭര്‍ത്താവ് ഓടയുടെ അലൈന്‍മെന്റ് മാറ്റാന്‍ ഇടപെട്ടുവെന്ന് പറയുന്നത് തീര്‍ത്തും അസത്യമായ കാര്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ചില മാധ്യമങ്ങളും ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും എനിക്കും കുടുംബത്തിനും എതിരെ ഇന്നലെ വൈകുന്നേരം മുതല്‍ നടത്തുന്ന വാസ്തവ വിരുദ്ധവും അപകീര്‍ത്തികരവുമായ അസത്യ പ്രചരണത്തെക്കുറിച്ചാണ് ഇവിടെ എഴുതുന്നത്:
പിഡബ്ല്യുഡിയുടെ അലൈന്‍മെന്റ് എന്റെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫ് ഇടപെട്ട് മാറ്റം വരുത്തി എന്ന തീര്‍ത്തും അസത്യമായ കാര്യം പ്രചരിപ്പിച്ചാണ് ആക്ഷേപിക്കുന്നത്. ഇന്ന് ഒരു ദിനപത്രം ഹെഡ്‌ലൈനായി കൊടുത്തത് മന്ത്രിയുടെ ഭര്‍ത്താവിന് വേണ്ടി ഓടയുടെ ഗതി മാറ്റി: തടഞ്ഞ് കോണ്‍ഗ്രസ്. എന്നാണ്. എത്ര അസന്നിഗ്ദ്ധമായാണ് ഈ മാധ്യമം കള്ളം എഴുതി വച്ചിരിക്കുന്നത്. എന്റെ ഭര്‍ത്താവിന് ഞാന്‍ എംഎല്‍എ ആകുന്നതിന് എത്രയോ വര്‍ഷം മുമ്പ് ഉണ്ടായിരുന്നതാണ് കൊടു മണ്ണിലെ 22.5 സെന്റ് സ്ഥലം. കെട്ടിടം വച്ചത് ഒരുകോടി 89 ലക്ഷം രൂപ ബാങ്ക് ലോണെടുത്താണ്. ഇതിനു മുന്നിലൂടെയാണ് ഏഴംകുളം കൈപ്പട്ടൂര്‍ റോഡ് പോകുന്നത്. ഈ റോഡിന് കിഫ്ബിയിലൂടെ പണം അനുവദിച്ച് ബിഎം ആന്റ് ബിസി ടാറിങ്ങിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തിയും നടക്കുകയാണ്.
2020 ലാണ് 12 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മാണത്തിന് കിഫ്ബി ധനാനുമതി നല്‍കിയത്. അതായത് ഞാന്‍ മന്ത്രിയാകുന്നതിന് മുമ്പേതന്നെ. ഇനി ഈ പറയുന്ന ഭാഗത്ത് റോഡിന്റെ വീതി അളന്നു നോക്കിയാല്‍ 17 മീറ്ററാണ് എന്ന് കാണാന്‍ കഴിയും. ഈ റോഡിന് ഇത്രയും വീതി മറ്റൊരിടത്തുമില്ല. റോഡ് നിര്‍മ്മാണം നടക്കുന്നത് കിഫ്ബി 2020 ല്‍ അനുവദിച്ച 12 മീറ്റര്‍ വീതിയില്‍ കെആര്‍എഫ്ബി നിശ്ചയിച്ച അലൈന്‍മെന്റിലാണ്. അതില്‍ ഒരുതരത്തിലുള്ള മാറ്റവും ഈ ഭാഗത്ത് ഉണ്ടായിട്ടില്ല. ഇവിടെയാണ് ഇന്നലെ കോണ്‍ഗ്രസുകാര്‍ കൊടി കുത്തിയത്.
കിഫ്ബി നിശ്ചയിച്ച അലൈന്‍മെന്റില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് ഉദ്യോഗസ്ഥര്‍ രേഖകള്‍ സഹിതം കാണിച്ചിട്ടും അളന്നു കാണിച്ചിട്ടും ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കേള്‍ക്കാന്‍ തയ്യാറായില്ല എന്നാണ് അറിഞ്ഞത്. അലൈന്‍മെന്റില്‍ ഒരു തരത്തിലും ഒരു മാറ്റവും ഉണ്ടായിട്ടില്ല. കൃത്യമായ രേഖകളോടെ (റവന്യൂ, പിഡബ്ല്യുഡി) ഔദ്യോഗികമായി അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ള വസ്തുവായതിനാലും ഒരടി പോലും പുറംപോക്ക് ഈ വസ്തുവില്‍ ഇല്ല എന്നതിനാലും, അലൈന്‍മെന്റില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഈ ഭാഗത്ത് ഉണ്ടായിട്ടില്ല എന്നിരിക്കെ അലൈന്‍മെന്റ് മാറ്റി എന്ന് അപകീര്‍ത്തിപ്പെടുത്തി അപമാനിച്ചതിനാലും മാനനഷ്ട കേസ് നല്‍കാനാണ് തീരുമാനം.
ഈ റോഡിനോട് ചേര്‍ന്ന് എതിര്‍വശത്തുള്ള കോണ്‍ഗ്രസ് ഓഫീസ് പുറമ്പോക്കിലാണ് ഉള്ളത്. അവിടെ രേഖകളില്‍ വീതി 23.5 മീറ്റര്‍ ആണ്. എന്നാല്‍ അളന്നു നോക്കിയാല്‍ 14 മീറ്റര്‍ മാത്രമാണ് ഇപ്പോള്‍ അവിടെയുള്ളത്.
കോണ്‍ഗ്രസ് ഓഫീസിനെ സംരക്ഷിക്കാന്‍ എന്റെ ഭര്‍ത്താവിനെയും എന്നെയും ഇതിലേക്ക് മനപ്പൂര്‍വ്വം വലിച്ചിഴച്ച് അപമാനിക്കുകയാണ് ചിലരുടെ ലക്ഷ്യം. മുന്‍ പഞ്ചായത്ത് പ്രസിഡന്റായ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ ജേഷ്ഠ സഹോദരന്‍ ഈ വസ്തുവില്‍ അവകാശവാദവുമായി എത്തിയതും അത് കോടതിയില്‍ പരാജയപ്പെട്ടതും ഗൂഢാലോചനയുടെ പിന്നിലുള്ള മറ്റൊരു കാരണമായിരിക്കാം.
റോഡിന്റെ ഈ ഭാഗത്തുളള മുഴുവന്‍ പുറംപോക്കും അളക്കുകയും ഒഴിപ്പിക്കുകയും വേണം എന്നതാണ് ഞങ്ങളുടെ ആവശ്യം. ഇതിനായി എന്റെ കുടുംബത്തിന്റേത് ഉള്‍പ്പെടെ ഈ ഭാഗത്തുള്ളവസ്തുക്കളെല്ലാം തന്നെ അളന്ന് പുറമ്പോക്ക് ഉണ്ടെങ്കില്‍ കണ്ടെത്തി അളന്ന് തിട്ടപ്പെടുത്തണം എന്ന ആവശ്യവുമായി എന്റെ ഭര്‍ത്താവ് ഡോ ജോര്‍ജ് ജോസഫ് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
എന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കൈക്കൂലി കൊടുത്തു എന്ന് വരുത്തി തീര്‍ക്കാനുള്ള ഹരിദാസന്‍ എപ്പിസോഡിന് ശേഷം എന്നെ അപമാനിക്കാനുള്ള അടുത്ത ശ്രമവുമായാണ് ഗൂഢവും നിന്ദ്യവുമായ ലക്ഷ്യങ്ങളോടെ ചിലര്‍ ഇറങ്ങിയിട്ടുള്ളത്. വ്യാജപ്രചരണം നടത്തിയതിനും പൊതുസമൂഹമധ്യേ അപമാനിച്ചതിനുമെതിരെ ശക്തമായ, സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.