പത്തനംതിട്ട: അപമര്യാദയായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള വിദ്യാര്‍ഥിനിയുടെ പരാതിയിന്മേല് കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോകോളജ് പ്രിന്‍സിപ്പാളിനെതിരേ ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമുള്ള വകുപ്പിട്ടാണ് കേസെടുത്തിരിക്കുന്നത്. റിട്ട. മജിസ്ട്രേറ്റ് കെ.ജെ. രാജനാണ് കോളജ് പ്രിന്‍സിപ്പാള്‍.
ഒന്നാം വര്‍ഷ എല്‍.എല്‍.ബിക്ക് പഠിക്കുന്ന ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശിനി(18)യാണ് പരാതിക്കാരി. കഴിഞ്ഞ 30 നാണ് സംഭവം. ചൊവ്വാഴ്ച ആറന്മുള സ്റ്റേഷനില്‍ ഹാജരായ വിദ്യാര്‍ഥി മൊഴി കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. പ്രിന്‍സിപ്പാളിന്റെ മുറിയില്‍ വച്ചാണ് അധിക്ഷേപം ഉണ്ടയത് എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പ്രിന്‍സിപ്പാള്‍ കുട്ടികളോട് മുഴുവന്‍ മോശമായിട്ടാണ് പെരുമാറുന്നത് എന്നൊരു ആരോപണവും ഉയര്‍ന്നിട്ടുണ്ട്.