
പത്തനംതിട്ട: സ്‌കൂള്‍ കായികമേളയില്‍ 3000 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞു വീണ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ മരിച്ചു. അഴൂര്‍ പാട്ടത്തില്‍ മനുവിന്റെയും ദീപയുടെയും മകന്‍, പ്രമാടം നേതാജി എച്ച്.എസ്.എസ് വിദ്യാര്‍ഥി വിഘ്‌നേഷ് മനു(15)വാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തില്‍ നടന്ന കോന്നി ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ 3000 മീറ്റര്‍ ഓട്ട മത്സരത്തില്‍ വിഘ്‌നേഷ് പങ്കെടുത്തിരുന്നു. മടങ്ങി വീട്ടിലെത്തി ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും കുറഞ്ഞു വന്നതോടെ പത്തനംതിട്ടയിലെയും അവിടെ നിന്ന് കോഴഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം ബുധന്‍ രാവിലെ 10 ന് നേതാജി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
നേരത്തെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിഘ്‌നേഷിന്റെ സഹോദരി വൈഗ നേതാജി സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഹോട്ടല്‍ ജീവനക്കാരനായിരുന്ന മനു അടുത്തിടെ വീട്ടില്‍ കാറ്ററിംഗ് നടത്തി വരികയായിരുന്നു.