
മല്ലപ്പള്ളി: സുഹൃത്തുകള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മണിമലയാറ്റില്‍ മുങ്ങിമരിച്ചു. ശാന്തിപുരം പാലയ്ക്കല്‍ വീട്ടില്‍ റിക്‌സണ്‍ (17) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെ വലിയപാലത്തിന് സമീപം വടക്കന്‍ കടവിലാണ് അപകടം. പരിയാരത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് എത്തിയതായിരുന്നു റിക്‌സണും സുഹൃത്തുക്കളും.
ടൂര്‍ണമെന്റ് കഴിഞ്ഞ് മടങ്ങവേയാണ് കുളിക്കാന്‍ ഇറങ്ങിയത്. എല്ലാവരും കുളി കഴിഞ്ഞ് കരക്ക് കയറിയതിന് ശേഷം ചെരുപ്പില്‍ പറ്റിയ ചെളി കഴുകാന്‍ മൂന്നുപേര്‍ വീണ്ടും ആറ്റിലേക്ക് ഇറങ്ങി. ഇവരാണ് ഒഴുക്കില്‍പ്പെട്ടത്. രണ്ടുപേരെ മറ്റു സുഹൃത്തുക്കള്‍ മുളയിട്ട് കൊടുത്ത് രക്ഷിച്ചു. റിക്‌സണ്‍ ഒഴുക്കില്‍പ്പെട്ടു പോയി. ബഹളം കേട്ട് നാട്ടുകാരെത്തിയെങ്കിലും അവര്‍ക്കും റിക്‌സണെ രക്ഷിക്കാനായില്ല.
കീഴ്‌വായ്പ്പൂര് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തിലുളള പൊലിസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു. പിതാവ് ഷാജി, മാതാവ് റീന, സഹോദരി റോസ്മി. മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി, കേരള കോണ്‍ഗ്രസ് ഉന്നതാധികാരി സമിതിയംഗം കുഞ്ഞു കോശി പോള്‍, പഞ്ചായത്തംഗങ്ങളായ ബിജു പുറത്തൂടന്‍, വിദ്യാ മോള്‍, സാം പട്ടേരി, രോഹിണി ജോസ്, മുന്‍പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.