കട്ടപ്പന: യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടലുണ്ടായതിനു പിന്നാലെ കട്ടപ്പന പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയ്ക്കും സി.പി.ഒയ്ക്കുമെതിരെ നടപടി. പ്രിന്‍സിപ്പല്‍ എസ്.ഐ. സുമേഖ് ജെയിംസ്, സി.പി.ഒ മനു ജോസ് എന്നിവരെ സ്ഥലംമാറ്റി. ഇരട്ടയാറില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ യുവാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.
സുനേഖിനെ ജില്ലാ പൊലീസ് ആസ്ഥാനത്തേയ്ക്കും മനുവിനെ എ.ആര്‍ ക്യാമ്പിലേയ്ക്കുമാണ് സ്ഥലംമാറ്റിയത്. കള്ളക്കേസാണെന്ന് ആരോപിച്ച് കസ്റ്റഡിയലെടുത്ത യുവാവിന്റെ വീട്ടുകാര്‍ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഏപ്രില്‍ 25നാണ് വിവാദ സംഭവം ഉണ്ടായത്. ഇരട്ടയാറില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ കട്ടപ്പന സ്‌റ്റേഷനിലെ സി.പി.ഒ. മനു പി. ജോസിന് പരുക്കേറ്റിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരും പുളിയന്‍മല സ്വദേശി ആസിഫ് (18) എന്ന യുവാവും ചേര്‍ന്ന് വാഹനമിടിപ്പിച്ച് പരുക്കേല്‍പ്പിച്ചെന്ന പേരിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത യുവാക്കളെ പൊലീസ് വിട്ടയക്കുകയും ആസിഫിനെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. എന്നാല്‍ ബൈക്കിടിച്ച സമയത്ത് ആസിഫ് സ്ഥലത്ത് ഇല്ലായിരുന്നുവെന്നും സംഭവത്തിനുശേഷം സുഹൃത്തുക്കളെ അന്വേഷിച്ച് എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയതതെന്നും വീട്ടുകാര്‍ പറയുന്നു.
യുവാവിന് പൊലീസ് സ്‌റ്റേഷനില്‍ വച്ച് മര്‍ദനമേറ്റതായി പരാതിയും നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിപ്പിച്ച സംഭവത്തിന്റെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനും നല്‍കിയിട്ടുണ്ട്. മര്‍ദനമേറ്റെന്ന പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡി.വൈ.സ്.പി. അറിയിച്ചു.