പത്തനംതിട്ട: പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സിപിഎം ഏരിയാ സെക്രട്ടറിക്ക് നേരെ എസ്‌ഐയുടെ ചീത്ത വിളി. സെക്രട്ടറിയും അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ സംഘര്‍ഷാവസ്ഥ. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ട്എസ്‌ഐയെ മാറ്റി. ഇയാള്‍ക്കെതിരേ നടപടിയുണ്ടായേക്കുമെന്ന് സൂചന.
തിങ്കളാഴ്ച വൈകിട്ട് റോയല്‍ ഓഡിറ്റോറിയത്തിന് മുന്നിലാണ് സംഭവം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച സ്വതന്ത്ര്യദിന മഹിളാ സംഗമം നടക്കുന്നതിനിടെയാണ് പുറത്ത് ഏറ്റുമുട്ടലുണ്ടായത്. സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാരായ ആര്‍. ബിന്ദു, വീണാ ജോര്‍ജ് എന്നിവരാണ് പരിപാടിയില്‍ മുഖ്യാതിഥികളായി ഉണ്ടായിരുന്നത്. ഇതില്‍ ഷംസീറും വീണയും പരിപാടി നടക്കുന്ന ഹാളില്‍ ഉണ്ടായിരുന്നു. മന്ത്രി ആര്‍. ബിന്ദു എത്തുമെന്ന പ്രതീക്ഷയില്‍ ഓഡിറ്റോറിയത്തിന് പുറത്ത് പാര്‍ക്കിങ് സൗകര്യം പൊലീസ് തയാറാക്കി ഇട്ടിരുന്നു.
ഇടുക്കിയില്‍ നിന്നുളള സമ്മേളന പ്രതിനിധികള്‍ വന്ന ഇന്നോവ കാര്‍ ഇവിടേക്ക് കൊണ്ടു വന്ന് പാര്‍ക്ക് ചെയ്തപ്പോള്‍ എസ്‌ഐ സജു ഏബ്രഹാം തടഞ്ഞു. അവിടെ നിന്ന് എടുത്തു മാറ്റണമെന്ന് പറഞ്ഞ് ഡ്രൈവറോട് ആക്രോശിച്ചു. ഇതു കേട്ടു കൊണ്ട് നിന്ന സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എംവി സഞ്ജു കാര്‍ അവിടെ തന്നെ കിടക്കട്ടെ മന്ത്രിക്കുള്ള പാര്‍ക്കിങ് ഞങ്ങള്‍ നോക്കിക്കോളാമെന്ന് എസ്‌ഐയോട് പറഞ്ഞു. ഇതോടെ എസ്‌ഐ ചീത്ത വിളിച്ചു കൊണ്ട് ഏരിയാ സെക്രട്ടറിക്ക് നേരെ ചെല്ലുകയായിരുന്നു. സഞ്ജുവും അതേ രീതിയില്‍ തിരിച്ചടിച്ചു. ഇതിനിടെ കോന്നിയില്‍ നിന്ന് വന്ന പ്രവര്‍ത്തകര്‍ എസ്‌ഐക്ക് നേരെ തിരിഞ്ഞു. ജൂണ്‍ 15 ന് കോന്നി അരുവാപ്പുലത്ത് വച്ച് സിപിഎം ലോക്കല്‍ സെക്രട്ടറി ദീദു ബാലനുമായി എസ്‌ഐ സജു ഏബ്രഹാം കോര്‍ത്തിരുന്നു. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇതിന്റെ ചൊരുക്ക് വച്ചാണ് അവിടെ നിന്നുള്ള പ്രവര്‍ത്തകര്‍ എസ്‌ഐക്ക് നേരെ തിരിഞ്ഞത്.
അവസാനം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സജു ഏബ്രഹാമിനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. ഇയാള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന. സംഭവം സംബന്ധിച്ച് ഇന്റലിജന്‍സും രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയതായി അറിയുന്നു.