എ.ആര്‍. രവീന്ദ്രന്‍: കേരളാ പോലീസിലെ പായും പുലി: അമ്പത്തി മൂന്നാം വയസിലും ട്രാക്കിലെ നേട്ടങ്ങള്‍ തുടരുന്നു

0 second read
Comments Off on എ.ആര്‍. രവീന്ദ്രന്‍: കേരളാ പോലീസിലെ പായും പുലി: അമ്പത്തി മൂന്നാം വയസിലും ട്രാക്കിലെ നേട്ടങ്ങള്‍ തുടരുന്നു
0

പത്തനംതിട്ട: ഓട്ടവും ചാട്ടവും ഒക്കെച്ചേര്‍ന്ന കായികക്ഷമത പരീക്ഷ വിജയിച്ച് കേരള പോലീസിലേക്ക് ഓടിക്കയറുമ്പോള്‍ രവീന്ദ്രന്‍ കരുതിയിട്ടുണ്ടാവില്ല ലോകത്ത് പലരാജ്യങ്ങളിലൂടെ ഒരുപാട് ദൂരം താന്‍ ഓടിത്താണ്ടുമെന്ന്. ഇത്
സാമി എന്നറിയപ്പെടുന്ന എ.ആര്‍.രവീന്ദ്രന്‍. 1993 ല്‍ പോലീസുകാരനായപ്പോള്‍ തുടങ്ങിയ ഓട്ടം ഇന്നും തുടര്‍ന്ന് വിസ്മയമാവുകയാണ് ഈ പോലീസ് ഉദ്യോഗസ്ഥന്‍. ഒപ്പം പോലീസ് സേനയ്ക്കാകെ അഭിമാനവും. പോലീസ് സേനയില്‍ കോണ്‍സ്റ്റബിളായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

വടശ്ശേരിക്കര മണിയാര്‍ പോലീസ് ട്രെയിനിങ് ക്യാമ്പില്‍ നിന്നാണ്. 1995 ല്‍ പത്തനംതിട്ട എ ആര്‍ ക്യാമ്പിലെത്തി. പിറ്റേവര്‍ഷം മുതലാണ് ഓട്ട മത്സരങ്ങളില്‍ പങ്കെടുത്തുതുടങ്ങിയത്. ആദ്യ മെഡല്‍ 1996 സ്‌റ്റേറ്റ് പോലീസ് മീറ്റ് 5000 മീറ്ററില്‍ വെള്ളി മെഡല്‍ ആയിരുന്നു. ജില്ലയും സംസ്ഥാനവും രാജ്യവും കടന്ന് അന്നത്തെ ഓട്ടം കാലം കഴിയുന്തോറും മെച്ചപ്പെടുത്തി നിര്‍ത്താതെ തുടരുകയാണ് ജില്ലാ പോലീസിലെ ഈ വെറ്റേറന്‍ താരം. ഫുള്‍ മാരത്തോണ്‍ രണ്ടുവട്ടം ഓടി റെക്കോര്‍ഡുകള്‍ തീര്‍ത്തും, അപൂര്‍വ നേട്ടങ്ങളുടെ ഉത്തുംഗതയില്‍ എത്തിയും, വിസ്മയമാവുകയാണ് അമ്പത്തിമൂന്നാം വയസ്സിലും രവീന്ദ്രനെന്ന പോലീസ് ഉദ്യോഗസ്ഥന്‍. ഇപ്പോള്‍ പെരുനാട് പോലീസ് സ്‌റ്റേഷനില്‍ എസ് ഐ ആയി ജോലി ചെയ്യുന്ന രവീന്ദ്രന്റെ മൂന്നുമക്കളില്‍ മൂത്തയാള്‍ എ രാഹുല്‍ രവീന്ദ്രന്‍ പോലീസ് സേനയില്‍ അംഗമായിട്ട് ഒരു വര്‍ഷമായി, ഇപ്പോള്‍ പെരുമ്പെട്ടി പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നു.

കഴിഞ്ഞദിവസം തിരുവനന്തപുരത്തു നടന്ന യു എസ് ടി മാരത്തണില്‍ ഓട്ടം പൂര്‍ത്തിയാക്കിയ ഇദ്ദേഹം രണ്ടാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. 5 മണിക്കൂര്‍, ഒരു മിനിറ്റ്, 6 സെക്കന്റ് സമയത്തിലാണ് ഓട്ടം പൂര്‍ത്തിയാക്കിയത്, ഓവറോള്‍ റാങ്ക് 56. 2023 ല്‍ കൊച്ചിയില്‍ നടന്ന മാരത്തണ്‍ ഓട്ടവും രവീന്ദ്രന്‍ പൂര്‍ത്തിയാക്കിയിരുന്നു. സമയം 5 മണിക്കൂര്‍ 10 മിനിറ്റ്, 36 സെക്കന്റ്, റാങ്ക് 90. ഇത്തവണ സമയം മെച്ചപ്പെടുത്തുകയും ചെയ്തു. തിരുവനന്തപുരം മാരത്തണില്‍ പോലീസുകാരനായ മകന്‍ രാഹുലും പങ്കെടുത്തു, പിതാവിന്റെ മാര്‍ഗത്തില്‍ ഓട്ടത്തിലാണെന്ന് തെളിയിച്ചു.

ഹാഫ് മാരത്തണ്‍ നിരവധി തവണ ജില്ലാ പോലീസിനുവേണ്ടി പല സംസ്ഥാനങ്ങളിലായി ഓടിയിട്ടുണ്ട് രവീന്ദ്രന്‍. ഈ ഇനത്തില്‍ ദേശീയ സ്വര്‍ണമെഡല്‍ ജേതാവുമാണ്. ദേശീയ മാസ്‌റ്റേഴ്‌സ് മീറ്റില്‍ ഗോള്‍ഡ് മെഡല്‍ നേടുകയും ചെയ്തു. വിവിധ രാജ്യന്തര മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട് ഇദ്ദേഹം. ശ്രീലങ്കയില്‍ 1500/5000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണമെഡല്‍,വീണ്ടും അടുത്ത വര്‍ഷം മലേഷ്യയില്‍ നടന്ന മത്സരത്തില്‍ 1500/5000 മീറ്ററില്‍ സ്വര്‍ണം, മലേഷ്യയില്‍ 1500 മീറ്ററില്‍ വെള്ളിമെഡല്‍. 5000 മീറ്ററില്‍ സ്വര്‍ണം, ന്യൂസിലണ്ട് 5000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം, 1500 മീറ്ററില്‍ വെങ്കലം എന്നിങ്ങനെയാണ് മെഡല്‍ നേട്ടങ്ങള്‍.ഇന്‍ഡോനേഷ്യയില്‍ മത്സരത്തില്‍ പങ്കെടുത്തെങ്കിലും മെഡല്‍ നേടാന്‍ സാധിച്ചില്ല. വിവിധ ദേശീയ മാസ്‌റ്റേഴ്‌സ് മത്സരങ്ങളില്‍ 5000,10000 മീറ്റര്‍ ഇനങ്ങളില്‍ സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കി.
ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ജോലി ചെയ്ത രവീന്ദ്രന്‍, 2019 ല്‍ സബ് ഇന്‍സ്‌പെക്ടറായി. തുടര്‍ന്ന് കരുനാഗപ്പള്ളി, ചവറ, കോന്നി, നെടുമങ്ങാട് പോലീസ് സ്‌റ്റേഷനുകളില്‍ എസ് ഐ ആയിരുന്നു. മൂന്നു മക്കളില്‍ രണ്ടാമത്തെ ആള്‍ ഷെഫ് ആയി ജോലി നോക്കുന്നു. മൂന്നാമത്തെയാള്‍ വെച്ചൂച്ചിറ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജില്‍ ബയോ മെഡിക്കല്‍ എഞ്ചിനിയറിങ് മൂന്നാം വര്‍ഷവിദ്യാര്‍ഥിയാണ്. ഭാര്യ സുമ, മാതാപിതാക്കള്‍ രാഘവന്‍, ഭാരതി. വെച്ചൂച്ചിറ പരുവ ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന രവീന്ദ്രന്‍, ഇനിയുമേറെ അങ്കങ്ങള്‍ക്ക് ബാല്യം ബാക്കിയെന്ന മട്ടില്‍ ഓട്ടം തുടരുകയാണ്. വിരമിക്കാന്‍ മൂന്ന് വര്‍ഷം മാത്രം ബാക്കിയുള്ള ഇദ്ദേഹം യുവത്വത്തിന്റെ പ്രസരിപ്പും ചുറുചുറുക്കും നിലനിര്‍ത്തി മുന്നേറുമ്പോള്‍, സഹപ്രവര്‍ത്തകര്‍ക്കും യുവ പോലീസുകാര്‍ക്കും അതിശയം തീര്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…