പത്തനംതിട്ട: സി.പി.എമ്മിലേക്ക് മന്ത്രി വീണാ ജോര്‍ജും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും ഏരിയ സെക്രട്ടറി എം.വി. സഞ്ജുവും മാലയിട്ട് സ്വീകരിച്ച മലയാലപ്പുഴ സ്വദേശി സുധീഷ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലും പ്രതി. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് വീണാ ജോര്‍ജിന്റെ പ്രചാരണം കഴിഞ്ഞു മടങ്ങിയ ഡി.വൈ.എഫ്.ഐക്കാരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതിയാണ് സുധീഷ്. ഇയാള്‍ അടക്കം പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവരെ അന്ന് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയും പിന്നീട് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മന്ത്രിയും ജില്ലാ സെക്രട്ടറിയുമെല്ലാം ചേര്‍ന്ന് കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനൊപ്പം സുധീഷിനെയും പാര്‍ട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ചത്.
2021 ഏപ്രില്‍ നാലിന് രാത്രി ഏഴരയ്ക്ക് വെട്ടിപ്പുറം ജങ്ഷനില്‍ വച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ യുവമോര്‍ച്ചക്കാരായ പ്രതികള്‍ ആക്രമിച്ചത്. വടിവാള്‍ കൊണ്ട് വെട്ടുകയും കമ്പിവടിക്കും ഹെല്‍മറ്റ് കൊണ്ടും അടിക്കുകയും ചെയ്തു. മൂന്നു പേര്‍ക്ക് തലയ്ക്ക് കൈക്കും മാരക പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മലയാലപ്പുഴയില്‍ നിന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരും അനുഭാവികളുമായ 62 പേരെയാണ് സി.പി.എമ്മിലേക്ക് സ്വീകരിച്ചത്. ഇവരില്‍ ചിലര്‍ ക്രിമിനല്‍ കേസുകളിലും ലഹരിമരുന്ന് കേസുകളിലും പ്രതികളാണ്. ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞു തന്നെയാണ് സി.പി.എമ്മിലേക്ക് സ്വീകരിച്ചിട്ടുള്ളത് എന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം. സ്ത്രീ സുരക്ഷ പ്രസംഗിക്കുന്ന ആരോഗ്യമന്ത്രി ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെ കോണ്‍ഗ്രസ് മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.