
പത്തനംതിട്ട: പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാഭീഷണി മുഴക്കി പോസ്റ്റിട്ട ശേഷം പൊലീസുകാരന്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു. വിളിച്ചിട്ടു കിട്ടാതെ വന്നപ്പോള്‍ സഹപ്രവര്‍ത്തകരുടെ നെട്ടോട്ടം. ഒടുവില്‍ ടവര്‍ ലൊക്കേഷന്‍ നോക്കിയപ്പോള്‍ പോസ്റ്റിട്ടത് സ്വന്തം വീട്ടിലിരുന്നാണെന്ന് വ്യക്തമായി.
കൊടുമണ്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍ ആണ് ഇന്നലെ പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി ഐഎസ്എച്ച്ഓ പ്രവീണും സ്‌റ്റേഷന്‍ റൈട്ടര്‍ സൂര്യമിത്രയും ആയിരിക്കുമെന്ന് പറഞ്ഞ് ദീര്‍ഘമായ കുറിപ്പിട്ടത്. റൈട്ടറുടെയും എസ്എച്ച്ഓയുടെയും ഭാഗത്ത് നിന്ന് നിരന്തരമായ പീഡനം തനിക്ക് നേരിടേണ്ടി വരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും ചെയ്താലോ എന്ന് ഞാന്‍ വിചാരിക്കുന്നു. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കൊടുമണ്‍ എസ്എച്ച്ഓ പ്രവിണ്‍ വി.എസും റൈട്ടര്‍ സൂര്യമിത്രയും ആയിരിക്കും ഉത്തരവാദി എന്നും കുറിപ്പിലുണ്ട്.
കുറിപ്പിന്റെ വിശദരൂപം ഇങ്ങനെ:
ഇന്നേ ദിവസം18.12.2023 തീയതി വയറിനു അസുഖം ആയി ഞാൻ അടൂർ Govt ആശുപത്രിയിൽ പോയ സമയം എന്നെ Absent എഴുതിയതായി അറിയാൻ കഴിഞ്ഞു .ഒരുപാട് നാളായി സ്റ്റേഷനിൽ നടക്കുന്ന ഗൂഡാലോചനയുടെ ഭാഗമായി ആണ് ഇതെന്ന് എനിക്കറിയാം .സ്റ്റേഷനിലെ എസ് എച് ഓ യും റൈറ്ററും കൂടി എന്നെ മാനസികമായി പീഡിപ്പിക്കുകയാണ് .എന്നെ ബോധപൂർവം PR ആക്കുവാൻ നോക്കുകയാണ് .ഇന്നെന്നെനിക്കു Sriptory ഡ്യൂട്ടി ആയിരുന്നു.ഇതുമായി ബന്ധപെട്ടു എനിക്ക് സ്റ്റേഷനിൽ നിന്നും പുറത്തു പോകേണ്ട ആവശ്യം ഉണ്ടായിരുന്നു .ഇതിനിനിടയിൽ ആണ് എനിക്ക് കടുത്ത വയറു വേദന അനുഭവപെട്ടത് .ഈ സമയത്താണ് സ്റ്റേഷനിൽ നിന്നും Asw വിളിച്ചു എനിക്ക് Absent രേഖപ്പെടുത്തിയതായി വിളിച്ചു പറഞ്ഞു .സ്റ്റേഷൻ ISHO യുടെയും റൈറ്റർ രുടെയും ഭാഗത്തു നിന്നും നിരന്തരമായ പീഡനമാണ് ഞാൻ അനുഭവിക്കുന്നത് .ഇതിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും ചെയ്താലോ എന്ന് ഞാൻ വിചാരിക്കുന്നു .എനിക്കെന്തെങ്കിക്കും സംഭവിച്ചാൽ കൊടുമൺ ISHO ആയ പ്രവീൺ വീ എസ്സും .കൊടുമൺ പോലീസ് സ്റ്റേഷൻ റൈറ്റർ ആയ സൂര്യ മിത്രയൂം ആയിരിക്കും ഉത്തരവാദികൾ എന്ന് സഹ പ്രവർത്തകരോടും,എന്റെ മേലധികാരികളോടും ഞാൻ പറയുകയാണ്.
പോസ്റ്റ് വന്നതിന് പിന്നാലെ സഹപ്രവര്‍ത്തകര്‍ വിളിച്ചെങ്കിലും ഇയാളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. തുടര്‍ന്ന് എസ്എച്ച്ഓ ടവര്‍ ലൊക്കേഷന്‍ എടുപ്പിച്ചു. ഇയാളുടെ ഫോണ്‍ അവസാനം ആക്ടീവായിരുന്നത് കൊല്ലം ജില്ലയിലെ സ്വന്തം വീട്ടിലായിരുന്നുവെന്ന് കണ്ടെത്തി. അതോടെ അന്വേഷണം അവസാനിപ്പിച്ചു. ഇന്നു രാവിലെയാണ് ഇയാള്‍ വീണ്ടും ഫോണ്‍ ഓണാക്കിയത്. പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല സ്ഥാനാര്‍ഥിയെ പിന്താങ്ങിയതിന്റെ പേരിലാണ് തന്നെ പീഡിപ്പിക്കുന്നത് എന്നാണ് ഇയാള്‍ പറയുന്നത്. റൈട്ടറും ഇന്‍സ്‌പെക്ടറും നിരന്തരമായി പീഡിപ്പിക്കുന്നുവെന്നും ആരോപിക്കുന്നു. എന്നാല്‍, ഇയാള്‍ ജോലിയില്‍ വീഴ്ച വരുത്തുന്നുവെന്നാണ് ഒരു വിഭാഗം പൊലീസുകാര്‍ പറയുന്നത്.