
പത്തനംതിട്ട: ഇന്നലെ രാത്രി 11.30 വരെ സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് മടങ്ങിയ ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ സി. ഗണേഷ്‌കുമാര്‍ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും. ഇന്നലെ ഉച്ചയ്ക്ക് നാറാണംതോട്ടില്‍ ബസ് മറിഞ്ഞ് പരുക്കേറ്റ ശബരിമല തീര്‍ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടു വന്നപ്പോള്‍ ഓടി നടന്ന ചികില്‍സയ്ക്കുള്ള നേതൃത്വം നല്‍കിയത് ഗണേഷായിരുന്നു. 42 പേരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
നിലയ്ക്കലിലെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി കൊണ്ടു വന്ന പരുക്കേറ്റവരെ ശ്രദ്ധിക്കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ഇന്ന് രാവിലെ പതിവ് സമയത്തും വരാതിരുന്നപ്പോള്‍ ഡോക്ടറുടെ ഫോണിലേക്ക് സഹപ്രവര്‍ത്തകര്‍ വിളിച്ചു. അറ്റന്‍ഡ് ചെയ്യാതെ വന്നപ്പോള്‍ താമസ സ്ഥലത്ത് ചെന്ന് നോക്കി. വിളിച്ചിട്ടും കതക് തുറക്കാതെ വന്നപ്പോഴാണ് നാട്ടുകാരെയും സമീപവാസികളെയും വിവരം അറിയിച്ച് പിന്‍വശത്തെ കതക് പൊളിച്ച് അകത്തു കടന്നത്. കുറിപ്പ് എഴുതി വച്ച ശേഷമാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. പുന്നലത്ത് പടിയിലെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ജീവിതത്തില്‍ പരാജയപ്പെട്ടുവെന്നും ജീവിതം മടുത്തുവെന്നും ഭിത്തിയില്‍ മഷി മുക്കി എഴുതിയിരുന്നു.
ഭാര്യയും ഡോക്ടറാണ്. ഒരു കുട്ടിയുമുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.