പത്തനംതിട്ട: സി.എ വിദ്യാര്‍ഥിയായിരുന്ന പ്രമാടം കാഞ്ഞിരവിളയില്‍ സന്തോഷിന്റെയും യമുനാ ദേവിയുടെയും മകള്‍ ആതിര സന്തോഷിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അകറ്റണമെന്ന് സിദ്ധനാര്‍ സര്‍വീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.നിലവില്‍ കോന്നി പോലീസാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ നവംബര്‍ 11ന് രാത്രി ആതിരയെ കാണാതാവുകയും 12ന് അച്ചന്‍കോവിലാറ്റില്‍ വേലന്‍ കടവില്‍ നിന്നും പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും ആറ്റില്‍ നിന്ന് മൃതദേഹവും ലഭിച്ചിരുന്നു. വീട്ടില്‍ നിന്നും ഏഴുകിലോമീറ്ററോളം അകലത്തിലുള്ള കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ആതിര തനിയെ ഇവിടെ എത്തിയതില്‍ ദുരൂഹത ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട ഫോണ്‍ രേഖകള്‍ അടക്കം ശാസ്ത്രീയ തെളിവുകളോ ശേഖരിക്കാന്‍ പൊലിസ് തയ്യാറായിട്ടില്ല. മൊഴികളുടെ അടിസ്ഥാനത്തിലെ പരിശോധനകളും ഉണ്ടായില്ല. രണ്ട് യുവാക്കളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ചോദ്യം ചെയ്ത് വിട്ടയച്ചു. മുങ്ങിമരണമാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഇതിലേക്ക് നയിച്ച കാരണങ്ങളൊന്നും അന്വേഷിക്കാന്‍ പൊലിസ് തയ്യാറായില്ലെന്നും ഈ സാഹചര്യത്തില്‍ അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ആത്മഹത്യക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലിസ് തയ്യാറാകുന്നില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകും. വാര്‍ത്ത സമ്മേളനത്തില്‍ സൊസൈറ്റി ഭാരവാഹികളായ എ.ആര്‍.രാഘവന്‍, കെ.എ.രാഘവന്‍, കെ.ആര്‍.മനോഹരന്‍, രാജി ദിനേഷ് എന്നിവരും പെണ്‍കുട്ടിയുടെ മാതാപിതാക്കളും പങ്കെടുത്തു.