അടൂര്‍: തമിഴ്‌നാട്ടിലെ സുന്ദര പാണ്ഡ്യപുരത്തു മാത്രമല്ല വെള്ളക്കുളങ്ങരയിലും വര്‍ണ വസന്തം തീര്‍ത്ത് സൂര്യകാന്തി പൂത്തു. പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയ കൃഷി വിജയകരമായതിന്റെ സന്തോഷത്തിലാണ് വെള്ളക്കുളങ്ങര സനില്‍ മന്ദിരത്തില്‍ സനില്‍. തമിഴ്‌നാട്ടിലെ ഏക്കര്‍ കണക്കിന് സൂര്യകാന്തി പാടം സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ താല്‍പര്യമാണ് കൃഷിക്കു പിന്നില്‍.
സൂര്യകാന്തി പാടം കാണാന്‍ വര്‍ഷാ വര്‍ഷം കിലോമീറ്ററുകള്‍ സഞ്ചരിച്ച് എന്തിന് പോകണം? നമ്മുടെ തൊടിയിലും സൂര്യകാന്തി വച്ചു പിടിപ്പിച്ചാലോ എന്ന് ചിന്തിച്ചു. തുടര്‍ന്ന് വിത്ത് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സുന്ദര പാണ്ഡ്യപുരത്ത് സൂര്യകാന്തി പാടം കാണാന്‍ പതിവായി പോകുമായിരുന്നു. എന്നാല്‍ വീട്ടു പരിസരത്ത് തന്നെ സൂര്യകാന്തി വച്ച് പിടിപ്പിച്ചതോടെ ഇത്തവണ തമിഴ് നാട്ടിലേക്ക് ഉള്ള യാത്ര ഒഴിവാക്കി. വീടിനോടു ചേര്‍ന്നുള്ള 15 സെന്റ് പുരയിടം ഒരുക്കിയാണ് കൃഷിയിറക്കിയത്. പൂര്‍ണമായും ജൈവ കൃഷി രീതിയാണ് അവലംബിച്ചത്. കൃത്യമായ പരിചരണം നല്‍കിയതോടെ ഓണക്കാലത്ത് പറമ്പില്‍ സൂര്യകാന്തി പൂക്കള്‍ വര്‍ണ ശോഭ പടര്‍ത്തി പൂത്തുലഞ്ഞു നില്‍ക്കുകയാണ്. കടുത്ത വേനലിനെ തുടര്‍ന്ന് എല്ലാ ദിവസവും വെള്ളം നനച്ച് പരിപാലിച്ചതോടെ സൂര്യകാന്തി പൂത്തുലഞ്ഞു. ചില സൂര്യകാന്തി ചെടിയില്‍ ഒന്നിലധികം പൂവുകളും വിരിഞ്ഞു.
ഇവിടുത്തെ മണ്ണിന് പാകമായ അധികം ഉയരത്തില്‍ വളരാത്ത ഇനങ്ങള്‍ ലഭ്യമാണ്. കൂടാതെ ഒരേക്കറോളം സ്ഥലത്ത് റമ്പൂട്ടാന്‍ കൃഷിയും ആരംഭിച്ചിട്ടുണ്ട്. അടുത്ത തവണ സൂര്യകാന്തി കൃഷി കൂടുതല്‍ ഭാഗത്തേക്ക് വ്യാപിപ്പിക്കാനും ജമന്തി കൃഷി ആരംഭിക്കാനും ആലോചനയുണ്ട്.