ഏനാത്ത് കുളക്കടയില്‍ ചിരി തൂകി സൂര്യകാന്തി: തമിഴ്‌നാടിനെ വെല്ലും: കാഴ്ചക്കാരും അനവധി

0 second read
Comments Off on ഏനാത്ത് കുളക്കടയില്‍ ചിരി തൂകി സൂര്യകാന്തി: തമിഴ്‌നാടിനെ വെല്ലും: കാഴ്ചക്കാരും അനവധി
0

അടൂര്‍: കത്തിപ്പടരുന്ന വെയിലില്‍ സ്വര്‍ണവര്‍ണമാര്‍ന്ന് തല പൊക്കിപ്പിടിച്ച് നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കള്‍. ഇത് തമിഴ്നാട്ടിലെ സുരണ്ടയോ സുന്ദര  പാണ്ഡ്യപുരമോ അല്ല. എം.സി റോഡ് അരികില്‍ ഏനാത്ത് കുളക്കടയ്ക്ക് സമീപമുള്ള സൂര്യകാന്തി തോട്ടമാണ്. എം.സി റോഡ് വഴി പോകുന്നവര്‍ വാഹനം നിര്‍ത്തി സൂര്യകാന്തിപ്പാടം കാണും. പിന്നെ മതി വരുവോളം ഫോട്ടോയെടുത്താണ് മടക്കം.

ഏനാത്ത് പാലത്തിന് സമീപം കുളക്കടയില്‍ റോഡരികില്‍ മൂന്ന് ഏക്കര്‍ സ്ഥല ത്താണ് സൂര്യകാന്തി പാടം. പുത്തൂര്‍ തേവലപ്പുറം മനു മന്ദിരത്തില്‍ മനു, കല്ലട അനില്‍ ഭവനില്‍ അനില്‍ മംഗല്യ എന്നിവര്‍ ചേര്‍ന്നാണ് കൃഷിയിറക്കിയിരിക്കുന്നത്. ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തില്‍ വെള്ളം എത്തിച്ച് ജൈവവളം ഉപയോഗിച്ചായിരുന്നു കൃഷി.

സൂര്യകാന്തി വച്ച് പിടിപ്പിച്ച് 50 ദിവസമായപ്പോഴേക്കും പൂവിട്ടു. കത്തുന്ന സൂര്യനെ കണ്ണിമ വെട്ടാതെ ഉദയം മുതല്‍ അസ്തമയം വരെ നോക്കി നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കള്‍ കാണാനും സെല്‍ഫി എടുക്കുന്നതിനും സഞ്ചാരികളുടെ തിരക്കാണ്. ദൂരെ കാഴ്ച്ചയില്‍ മഞ്ഞപ്പട്ട് വിരിച്ചത് പോലെ തോന്നും. കടുത്ത വേനലായിരുന്നിട്ട് കൂടി മിക്ക സൂര്യകാന്തികളും പൂത്തുലഞ്ഞു. ഫോട്ടോ ഷൂട്ടിന് ഇവിടം സ്ഥിരം വേദിയാകുകയാണ്. ഇനി പൂപ്പാടം കാണാന്‍ സുന്ദര പാണ്ഡ്യ പുരത്തേക്കൊന്നും പോക്കേണ്ടതില്ല. ലാഭം പ്രതീക്ഷിച്ചല്ല സഞ്ചാരികള്‍ക്ക് കണ്ട് ആ സ്വദിക്കാനായിട്ടാണ് സൂര്യകാന്തി കൃഷി ചെയ്തതെന്ന് യുവകര്‍ഷകര്‍ പറഞ്ഞു. ബംഗളുരുവില്‍ നിന്നാണ് സൂര്യ കാന്തി ചെടികളുടെ വിത്ത് ലഭിച്ചത്. വിവാഹ ആല്‍ബം, യുട്യൂബ് ആല്‍ബങ്ങള്‍ എന്നിവയുടെ ചിത്രീകരണത്തിന് ആള്‍ക്കാര്‍ ഇവിടെ എത്തുന്നുണ്ട്. സൂര്യകാന്തിക്കൊപ്പം പച്ചക്കറി കൃഷിയും ഉണ്ട്. തണ്ണിമത്തന്‍, സലാഡ് വെള്ളരി, ചീര, പച്ചമുളക് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. മൂന്നര ലക്ഷത്തോളം രൂപ ചെലവിട്ടാണ് ഡ്രിപ്പ് ഇറിഗേഷന്‍ ചെയ്തത്.

നെടുവത്തൂര്‍ ഭാഗത്ത് ഒരേക്കറില്‍ കുമ്പളം, പയര്‍,ചീര എന്നിവയും കരീപ്ര ഉടയ്ക്കാട്ട് ഒന്നര ഏക്കറില്‍ വാഴ, ചേന, ഇഞ്ചി കൃഷിയും ഉണ്ട്. തികച്ചും ജൈവ കൃഷി രീതിയാണ് അവലംബിച്ചിരി ക്കുന്നത്. ഇവിടെ വിളയുന്ന പച്ചക്കറികള്‍ കുളക്കട ഏനാത്ത് പാലത്തിന് സമീപം കൃഷിയിടത്തിലെ തന്നെ കടയിലൂടെയാണ് വില്‍ക്കുന്നത്. സൂര്യകാന്തി പൂക്കള്‍ ഇതള്‍ പൊഴിഞ്ഞ് തുടങ്ങിയാല്‍ ഓണക്കാലം ലക്ഷ്യമിട്ട് പച്ചക്കറി കൃഷി ആരംഭിക്കുമെന്ന് ഇവര്‍ പറഞ്ഞു.

 

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…