
പത്തനംതിട്ട: സമാന്തര വിദ്യാഭ്യാസം സേവന നികുതിയുടെ പരിധിയില്‍ വരില്ലെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അഭയ് എസ്. ഓഘ, ജസ്റ്റിസ് പങ്കജ് മിത്താല്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ആണ് കേന്ദ്ര സര്‍ക്കാരിന്റെ അപ്പീല്‍ അപേക്ഷ തള്ളിയത്. അഫിലിയേറ്റഡ് കോളജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കാന്‍ നിയമം അനുവദിക്കാത്ത സര്‍വീസ് ടാക്‌സ് സ്വകാര്യ രജിസ്‌ട്രേഷനിലൂടെ അതേ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കാന്‍ കഴിയില്ലെന്നായിരുന്നു 2005 ലെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി.
2013 ല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ഈ വിധിക്ക് അപ്പീല്‍ അനുവദിച്ചില്ല. ഇതിനെതിരെയാണ് 2014ല്‍ കേന്ദ്ര സര്‍ക്കാരും സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണറും വാദികളായി പാരലല്‍ കോളജുകളെ പ്രതിയാക്കി സുപ്രീം കോടതിയില്‍ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ നല്‍കിയത്.
ഇതാണിപ്പോള്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഇതോടെ പാരലല്‍ കോളേജില്‍ നിന്ന് സേവനനികുതി നിലവില്‍ ജി.എസ്.ടി ഈടാക്കുവാന്‍ ഉള്ള കേന്ദ്ര സര്‍ക്കാരിന്റെയും സെന്‍ട്രല്‍ എക്‌സൈസ് വകുപ്പിന്റെയും ശ്രമത്തിന് തിരിച്ചടി നേരിട്ടു.