പത്തനംതിട്ട: ജില്ലയില്‍ കത്തുന്ന വേനല്‍ ചൂടിനെ ശമിപ്പിച്ച് വേനല്‍മഴ തിമിര്‍ത്തു പെയ്തു. 16 ശതമാനം അധികം വേനല്‍മഴ ജില്ലയില്‍ ലഭിച്ചപ്പോള്‍ പകല്‍ താപനില ശരാശരി 39 ഡിഗ്രിയില്‍ നിന്ന് 31 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. 319.4 മില്ലീമീറ്റര്‍ മഴയാണ് ബുധനാഴ്ച വരെ ജില്ലയില്‍ ലഭിച്ചത്. ഒരാഴ്ച മുമ്പ് വരെ 39 ഡിഗ്രിയായിരുന്നു ഉയര്‍ന്ന പകല്‍ താപനില. ഇപ്പോഴത് ശരാശരി 31 ഡിഗ്രി വരെയായി താഴ്ന്നു.
എന്നാല്‍ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ലഭിക്കുന്നത് കുറവാണ്. അതിനാല്‍ തന്നെ ജലനിരപ്പ് താണ നിലയിലാണ്. ബുധനാഴ്ച രാവിലെ ഏഴിന് എടുത്ത കണക്കനുസരിച്ച് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലസംഭരണിയായ കക്കാട് ഡാമില്‍, 34. 31 % ജലം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയം 36.9% വെളളമാണ് കക്കാട് സംഭരണിയില്‍ ഉണ്ടായിരുന്നത്. മൂഴിയാര്‍ ഡാമില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 50% ഉണ്ടായിരുന്ന സ്ഥാനത്ത് 28.190 % വെള്ളം മാത്രമാണുള്ളത്.
പമ്പാ ജലസംഭരണിയില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം 0. 88 % വെളളം ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 0. 55% മാത്രമാണുള്ളത്. ജില്ലയിലെ നഗര പ്രദേശങ്ങളില്‍ വേനല്‍മഴ കൂടുതലായി ലഭിച്ചപ്പോള്‍ ഡാമിന്റെ വ്യഷ്ടി പ്രദേശങ്ങളില്‍ ദുര്‍ബലമായതാണ് ജലനിരപ്പ് ഉയരാത്തതിന് കാരണം. എന്തായാലും പൊള്ളുന്ന വേനല്‍ ചൂടിനും, അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും ചെറിയൊരളവ് വരെയെങ്കിലും പരിഹാരമായതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍.