കൂടല്‍: വീട്ടില്‍ അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്തപ്പോള്‍ വീട്ടമ്മയെയും അനിയനെയും ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. പത്തനാപുരം മാങ്കോട് വിജയഭവനില്‍ മോനച്ചനെന്നും തോമാ എന്നും വിളിക്കുന്ന വിജയനാണ് അറസ്റ്റിലായത്. കലഞ്ഞൂര്‍ തട്ടാക്കുടി മഹേഷ് ഭവനില്‍ മോഹനന്റെ ഭാര്യ ശ്യാമളയ്ക്കും അനിയനും കഴിഞ്ഞമാസം 27 ന് രാത്രി ഏഴിനാണ് ദേഹോപദ്രവം ഏറ്റത്. വിജയന്‍ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയപ്പോള്‍ ചോദ്യം ചെയ്തത് ഇയാളെ പ്രകോപിതനാക്കി.
തുടര്‍ന്ന്, ശ്യാമളയുടെ അനിയനെ മുറ്റത്ത് കിടന്ന മടല്‍ എടുത്ത് എറിഞ്ഞു. പിടിച്ചുമാറ്റിയപ്പോള്‍ ശ്യാമളയുടെ വലതു തോളില്‍ കൊണ്ടു. തുടര്‍ന്ന് പ്രതി കല്ലെടുത്ത് ഇവരുടെ മുതുകിന് എറിഞ്ഞു, അസ്ഥിക്ക് പൊട്ടലുണ്ടായി.
പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തട്ടാക്കുടിയില്‍ നിന്നും പ്രതിയെ ഉടനടി പോലീസ് കസ്റ്റഡിയിലെടുത്തു. വിജയന്‍ കൂടല്‍ പോലീസ് 2018 ല്‍ രജിസ്റ്റര്‍ ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.