പത്തനംതിട്ട: മ്ലാവിനെ വേട്ടയാടിയ കേസില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തോക്കുമായി ഹാജരാകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വയോധികന് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചുവെന്ന് പരാതി. കോന്നി പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനാ(61)ണ് തൂങ്ങിമരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് കിടപ്പു മുറിയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്ന് രാധാകൃഷ്ണന് ജീവനൊടുക്കുകയായിരുന്നുവെന്ന് സഹോദരി ആരോപിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മ്ലാവിനെ വേട്ടയാടിയ കേസില്‍ കുറേ ദിവസങ്ങളായി വനപാലകര്‍ രാധാകൃഷ്ണന് പിന്നാലെയുണ്ടായിരുന്നുവെന്ന് പറയുന്നു. നാളെ തോക്കുമായി ഫോറസ്റ്റ്
സ്റ്റേഷനില്‍ ഹാജരാകാന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് സഹോദരി പറയുന്നത്. തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് രാധാകൃഷ്ണന് ഫോറസ്റ്റുകാരോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നുവത്രേ. കുറ്റം തെളിയിക്കാന്‍ വേണ്ടി
ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രാധാകൃഷ്ണനെ ഇന്നലെ മര്‍ദ്ദിച്ചിരുന്നുവെന്ന് സഹോദരി പറഞ്ഞു. ഗുരുനാഥന് മണ്ണ് ഫോറസ്റ്റ് സ്റ്റേഷനില്‍ തോക്കുമായി നാളെ ഹാജരാകാനാണ് രാധാകൃഷ്ണനോട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നത്.