ഷിഗെല്ല ബാധയെന്ന് സംശയം: ഛര്‍ദിയും വയറിളക്കവും ബാധിച്ച് മൂന്നാംക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു

0 second read
Comments Off on ഷിഗെല്ല ബാധയെന്ന് സംശയം: ഛര്‍ദിയും വയറിളക്കവും ബാധിച്ച് മൂന്നാംക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു
0

കടമ്പനാട്: ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ മൂന്നാം ക്ലാസുകാരി മരിച്ചു. ഷിഗെല്ല ബാധയെന്ന് സംശയിച്ച് പഞ്ചായത്തും ആരോഗ്യ വിഭാഗവും പ്രതിരോധ നടപടികള്‍ ആരംഭിച്ചു. കടമ്പനാട് ഗണേശ വിലാസം അവന്തിക നിവാസില്‍ മനോജിന്റേയും ചിത്രയുടേയും മകള്‍ അവന്തിക(8) ആണ് ഏപ്രില്‍ 30 ന് വൈകിട്ട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

ഇവിടെ നിന്നും ലഭിച്ച മരണകാരണം വ്യക്തമാക്കുന്ന രേഖയില്‍ കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന ഷിഗെല്ല രോഗം എന്ന് സംശയിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ലാബ് പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

ഏപ്രില്‍ 30ന് രാവിലെയാണ് ഛര്‍ദ്ദിയും വയറിളക്കവുമായി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിക്കുന്നത്. രോഗം വഷളായതോടെ വൈകിട്ട് മൂന്നിന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അവിടെയെത്തി അല്‍പ്പസമയത്തിനുള്ളില്‍ തന്നെ കുട്ടി മരിച്ചു. ഷിഗെല്ല ബാധയെന്ന സംശയത്തെ തുടര്‍ന്ന് കടമ്പനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതര്‍ കുട്ടിയുടെ വീട്ടിലേയും സമീപത്തെ വീടുകളിലേയും കിണറുകളിലെ വെള്ളം ശേഖരിച്ചു. ഇവിടെ നിന്നും അറുപതു സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ് പറഞ്ഞു.

സമീപത്തെ വീടുകളിലുള്ള മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും പോലുള്ള രോഗലക്ഷണമുണ്ടായതായി വിവരം ലഭിച്ചു. ഇവരെ പ്രത്യേകം നിരീക്ഷിക്കാന്‍ ആരോഗ്യ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. ആശ വര്‍ക്കര്‍മാരെ രംഗത്തിറക്കി കുട്ടിയുടെ വീട്ടിലും മറ്റും ശുചീകരണ പ്രവര്‍ത്തനവും നടത്തിയതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അങ്ങാടിക്കല്‍ അറന്തക്കുളങ്ങര ഗവ.എല്‍.പി.സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അവന്തിക. സഹോദരന്‍: അവിനേഷ്.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…