പത്തനംതിട്ട: പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ കൃത്യവിലോപം ആരോപിച്ച് പഞ്ചായത്ത് രാജ് നിയമത്തിലെ പ്രത്യേക വകുപ്പുകള്‍ പ്രകാരം സസ്‌പെന്‍ഡ് ചെയ്ത മൂന്നു ജീവനക്കാരെ പഞ്ചായത്ത് ഡയറക്ടര്‍ തിരിച്ചെടുത്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെരുനാട് പഞ്ചായത്തിലെ അസി. സെക്രട്ടറി എസ്. സുനില്‍കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് അജിത് മോഹന്‍, ക്ലാര്‍ക്ക് രാജേഷ് രവി എന്നിവരെയാണ് തിരിച്ചെടുത്തത്.
ജീവനക്കാര്‍ സത്യസന്ധരും കൃത്യമായി ജോലി ചെയ്യുന്നവരും ആണെന്ന് തിരിച്ചെടുത്തു കൊണ്ടുള്ള ഉത്തരവില്‍ പഞ്ചായത്ത് ഡയറക്ടര്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റിനല്ലാലെ ആര്‍ക്കും ഇവരെ കുറിച്ച് പരാതിയില്ല. ഇവര്‍ തങ്ങളുടെ ജോലി കൃത്യമായി ചെയ്തിരുന്നുവെന്നും ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.
ജീവനക്കാരെ തിരിച്ചെടുത്ത നടപടി സി.പി.എം ജില്ലാ കമ്മറ്റിയംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന് തിരിച്ചടിയായി. പ്രസിഡന്റിന്റെ മാനസിക പീഡനം കാരണം പഞ്ചായത്തിലെ മിക്ക ജീവനക്കാരും സ്ഥലം മാറ്റം വാങ്ങിപ്പോവുകയോ ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുകയോ ചെയ്തിരുന്നു.
സെക്രട്ടറിയുടെ തസ്തിക ഏറെ നാളായി ഒഴിഞ്ഞു കിടക്കുകയാണ്. ഇവിടെ സെക്രട്ടറിയായി നിയമിക്കപ്പെടുന്നവര്‍ അവധിയെടുത്ത് പോകുന്നതാണ് പതിവ്. പ്രസിഡന്റിന്റെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കാതിരുന്നതിന്റെ പേരിലാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരേ പ്രതികരിച്ചത് എന്‍.ജി.ഓ സംഘ് മാത്രമായിരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ രാജേഷ് രവി മാത്രമാണ് സംഘ് പ്രവര്‍ത്തകന്‍. സുനില്‍ കുമാര്‍ സി.പി.എമ്മിന്റെ സര്‍വീസ് സംഘടനയായ എന്‍.ജി.ഓ യൂണിയനിലും അജിത് മോഹന്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍.ജി.ഓ അസോസിയേഷനിലും അംഗങ്ങളാണ്. എന്നാല്‍, ഈ രണ്ടു സര്‍വീസ് സംഘടനകളും പ്രസിഡന്റിനെതിരേ ശബ്ദിക്കാന്‍ തയാറായിരുന്നില്ല. എന്‍.ജി.ഓ സംഘിന്റെ നിരന്തര സമരത്തിന്റെയും നിവേദനങ്ങളുടെയും ഫലമായിട്ടാണ് പഞ്ചായത്ത് ഡയറക്ടര്‍ ഇടപെട്ടതും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതും.
പി.എസ്. മോഹനന്റെ വഴിവിട്ട നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാത്തതിന്റെ പേരിലാണ് നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. ജൂനിയര്‍ സൂപ്രണ്ട് അജിത് മോഹന്‍, ക്ലാര്‍ക്ക് രാജേഷ് രവി എന്നിവരെ മാര്‍ച്ച് 25 നും സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന അസി. സെക്രട്ടറി സുനില്‍ കുമാറിനെ ഏപ്രില്‍ 25 നുമാണ് പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തത്. പി.എസ്. മോഹനനും സിപിഎം നേതാക്കളായ മറ്റു രണ്ടു പേര്‍ക്കുമെതിരേ ആരോപണം ഉന്നയിച്ച് കുറിപ്പ് എഴുതി വച്ച ശേഷം ജീവനൊടുക്കിയ ബാബു എന്നയാളുടെ ഭാര്യ നീതി തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സി.പി.എമ്മിന്റെ സ്വാധീനം മൂലം കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ട സാഹചര്യത്തിലാണ് ബാബുവിന്റെ ഭാര്യ കുസുമ കുമാരി ഹൈക്കോടതിയെ സമീപിച്ചത്.
ഇതു സംബന്ധിച്ച രേഖകള്‍ കോടതിയില്‍ ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് അജിത്തിനെയും രാജേഷിനെയും സസ്‌പെന്‍ഡ് ചെയ്തത്. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സുനില്‍ കുമാര്‍ അനധികൃതമായി അവധിയെടുത്തുവെന്നും സര്‍ക്കാരിന്റെ പരിപാടികള്‍ അട്ടിമറിച്ചുവെന്നും ആരോപിച്ചാണ് പ്രത്യേക നടപടി ക്രമത്തിലൂടെ പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്നു ജീവനക്കാരും സത്യസന്ധരും തങ്ങളുടെ ജോലികള്‍ കൃത്യമായി നിര്‍വഹിക്കുന്നവരുമാണെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. പഞ്ചായത്ത് പ്രസിഡന്റിനല്ലാതെ ആര്‍ക്കും ഇവരെ സംബന്ധിച്ച് പരാതിയില്ലെന്നും പറയുന്നു.സസ്‌പെന്‍ഷന് ആധാരമായി പ്രസിഡന്റ് ഉന്നയിച്ച കാരണങ്ങള്‍ അതീവ ഗുരുതര സ്വഭാവമുള്ളതല്ലെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. പെരുനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ മൂന്ന് ജീവനക്കാരെ അകാരണമായി സസ്‌പെന്‍ഡ് ചെയ്ത പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവ് പിന്‍വലിച്ച പഞ്ചായത്ത് ഡയറക്ടറുടെ നടപടി എന്‍.ജി.ഒ. സംഘ് ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്ത ജീവനക്കാരെ തന്നില്‍ നിക്ഷിപ്തമായ അധികാരം ദുര്‍വിനിയോഗം ചെയ്ത് സസ്‌പെന്‍ഡ് ചെയ്ത പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാര ധാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്നും പൊതുജന സേവകരായ ജീവനക്കാരെ അടിമകളായി കാണുന്ന പ്രസിഡന്റിന്റെ മനോഭാവത്തിന് ഇനിയെങ്കിലും മാറ്റം വരണമെന്നും ജില്ലാ പ്രസിഡന്റ് എസ് ഗിരീഷ്, ജില്ലാ സെക്രട്ടറി ജി. അനീഷ് എന്നിവര്‍ പറഞ്ഞു.