തിരുവല്ല: എംസി റോഡിലെ ഇടിഞ്ഞില്ലത്ത് നടുറോഡില്‍ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ വാഹനവും ഡ്രൈവറെയും തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങനാശേരി തൃക്കൊടിത്താനം പാറയില്‍ പി.അനീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ടാങ്കര്‍ ലോറിയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ടാങ്കറിന്റെ ഡ്രൈവര്‍ ആലപ്പുഴ വെളിയനാട് വഞ്ചിവിരുത്തിച്ചിറയില് ശരത് ചന്ദ്രനെ (40) പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 18ന് രാത്രി ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എംസി റോഡില്‍ ഇടിഞ്ഞില്ലത്തും പ്ലാവിന് ചുവട് മുട്ടത്തുപടി റോഡിലുമാണ് ടാങ്കറില്‍ അര്‍ധ രാത്രിയെത്തി മാലിന്യം ഒഴുക്കിവിട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധം നടത്തിയിരുന്നു.
പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പൊലീസ് നടത്തിയ തെരച്ചിലിലാണ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. ടാങ്കര്‍ പൊലീസ് തിരുവല്ല കോടതിയില്‍ ഹാജരാക്കി. ഡ്രൈവറെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.