പത്തനംതിട്ട: ജില്ലയിലെ കോന്നി താലൂക്കിലെ സീതത്തോട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം മറ്റു പന്നികളിലേക്കും ജീവികളിലേക്കും പകരുന്നത് തടയുന്നതിനായി ഈ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ ഇന്നു മുതല്‍ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ച് ജില്ലാ കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവിട്ടു.
ഈ സ്ഥലത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തേക്കും ഈ സ്ഥലത്തു നിന്നും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതും വരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 26, 30 (1), (2) അഞ്ച് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു.
പന്നിയിറച്ചി വില്‍ക്കുന്ന കടകള്‍ക്ക് നിരോധനം
രോഗബാധിത പ്രദേശത്തിന്റെ ചുറ്റളവില്‍ പന്നിയിറച്ചി കൈകാര്യം ചെയ്യുന്ന എല്ലാ കടകളും മാര്‍ക്കറ്റുകളും മാര്‍ച്ച് 13 മുതല്‍ മൂന്നു ദിവസത്തേക്ക് അടച്ചിടണം. നശീകരണ പ്രവര്‍ത്തനങ്ങളും അണുവിമുക്തമാക്കലും പൂര്‍ത്തിയാക്കുന്നതുവരെ ഈ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. കടകളില്‍ നിന്നും പന്നിയിറച്ചി വില്‍ക്കുന്നതിനോ കൊണ്ടുപോകുന്നതിനോ അനുവാദം നല്‍കുന്നതല്ല.
പൊതുജന സഞ്ചാരം, വാഹനഗതാഗത നിയന്ത്രണം
മനുഷ്യരുടെയും വാഹനങ്ങളുടെയും സഞ്ചാരം രോഗവ്യാപനത്തിന് കാരണമാകുന്നതിനാല്‍ അവശ്യഘട്ടത്തിലേക്ക് മാത്രമായി ജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാരം പരിമിതപ്പെടുത്തേണ്ടതാണ്. കോന്നി തഹസില്‍ദാര്‍, സീതത്തോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ പോലീസിന്റെ സഹായത്തോടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണം. ആവശ്യമായ പോലീസ് സേനയെ രോഗബാധിത പ്രദേശത്തും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള നിരീക്ഷണ പ്രദേശത്ത് നിയോഗിച്ച് ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണം. മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ പ്രകാരമുള്ള തയാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും കര്‍ശനമായി നടപ്പില്‍ വരുത്തുന്നുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഉറപ്പുവരുത്തണം.
രോഗബാധിത പ്രദേശങ്ങള്‍
രോഗബാധിത പ്രദേശങ്ങള്‍ (ഇന്‍ഫെക്ടഡ് സോണ്‍) എന്നത് സീതത്തോട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് ആണ്. ഈ രോഗം സ്ഥിരീകരിച്ച സ്ഥലത്തുനിന്നും ഒരു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള നിരീക്ഷണ മേഖലയില്‍ (സര്‍വൈലന്‍സ് സോണ്‍) ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍: 1. സീതത്തോട്, 2.ചിറ്റാര്‍, 3.തണ്ണിത്തോട്, 4.റാന്നിപെരുനാട്, 5.വടശേരിക്കര.