
ഇടുക്കി: ജില്ലയിലെ തമിഴ് ഭൂരിപക്ഷ മേഖലകളില്‍ തമിഴ് രാഷ്ട്രീയം ചൂടുപിടിക്കുന്നു. മുന്‍കാലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ എ.ഐ.ഡി.എം.കെ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നെങ്കിലും ഇവര്‍ എല്ലാം തന്നെ കേരളത്തില്‍ താമസിച്ചിരുന്നവരായിരുന്നു. എന്നാല്‍, ഈ തവണ തമിഴ്‌നാട്ടില്‍ സ്ഥിരതാമസമാക്കിയ എസ്.അന്‍വര്‍ ബാലശിങ്കം മത്സരത്തിനെത്തിയതോടെയാണ് തമിഴ് ഭൂരിപക്ഷ മേഖലകളില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.
മുല്ലപ്പെരിയാര്‍ സമരത്തിലൂടെ വേരുറിപ്പിച്ച ബാലശിങ്കം മൂന്നാര്‍ മേഖലയില്‍ നിരന്തരം എത്തി തമിഴ് – മലയാളം ചേരിതിരിവ് സൃഷ്ടിക്കാന്‍ അക്ഷീണം പരിശ്രമിച്ചിരുന്നു.2011 ല്‍ മുല്ലപ്പെരിയാര്‍ വിഷയം ആളിക്കത്തിയ സമയത്ത് മൂന്നാറില്‍ കേരള വിരുദ്ധ മുദ്രാവാക്യവുമായി ഒരുപറ്റം യുവാക്കള്‍ പ്രകടനമായി രംഗത്തിറങ്ങിയതിന് അന്‍വര്‍ ബാലശിങ്കമായിരുന്നു.മലയാളം തമിഴ് ചേരിതിരിവ് സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ നിരവധി ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയും സിഡികളായും മൂന്നാര്‍ മേഖലയില്‍ പ്രചരിപ്പിച്ചു.
പിന്നാലെയാണ് പൊമ്പിളൈ ഒരുമൈ സമരവും പൊട്ടിപ്പുറപ്പെടുന്നത്. ഇതിന് പിന്നിലെ ബുദ്ധി കേന്ദ്രവും ബാലശിങ്കമായിരുന്നു.ഇയാള്‍ പുറത്തിറക്കിയ ഡോക്യുമെന്ററികള്‍ മേഖലയില്‍ വന്‍ സ്വാധീനവുമുണ്ടാക്കിയിരുന്നു.അടിയുറച്ച തമിഴ് നിലപാടുള്ള ബാലശിങ്കത്തിന്റെ വരവ് തമിഴ് വോട്ടുകളെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം.