തേനി: കേരളാ മോഡലില്‍ മദ്യവരുമാനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് തമിഴ്നാട് സര്‍ക്കാര്‍ നടപ്പാക്കിയ അബ്കാരി ചട്ട ഭേദഗതിയില്‍ വീണ്ടും മാറ്റം വരുത്തി. വ്യാപകമായ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകളും മദ്യവിരുദ്ധ സംഘടനകളും രംഗത്ത് വന്നതോടെയാണ് മാര്‍ച്ച് 18 നുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നത്.
ആദ്യ ഭേദഗതി അനുസരിച്ച് ബാറുകള്‍ക്കും സ്റ്റാര്‍ ഹോട്ടലുകള്‍ക്കും പുറമെ മദ്യ സല്‍ക്കാരം വിവാഹമണ്ഡപങ്ങളിലും കായിക മൈതാനങ്ങളിലും നടത്താമായിരുന്നു. ഇതു സംബന്ധിച്ച് തമിഴ്നാട് ആഭ്യന്തര വകുപ്പ് സെക്രട്ടറി പനീന്ദര്‍ റെഡ്ഡി ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 18 നാണ് അസാധാരണ ഗസറ്റ് വിജ്ഞാപനം വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ മദ്യനയത്തിലെ റൂള്‍ 17 (എ), 17(ബി) എന്നിവയില്‍ ഭേദഗതി വരുത്തിയാണ് പുതിയ ചട്ടം പ്രഖ്യാപിച്ചത്.
ഇതിലാണ് ഭേദഗതിയുള്ളത്. ഉച്ചകോടികളും അന്താരാഷ്ട്ര ദേശീയ കായിക മത്സരങ്ങളും നടക്കുന്ന സ്പോര്‍ട്സ് സ്റ്റേഡിയങ്ങള്‍ക്കും സ്പോര്‍ട്സ് ഹാളുകള്‍ക്കും ആ പരിപാടികളില്‍ മാത്രം മദ്യം കൈവശം വയ്ക്കാനും വിളമ്പാനുമുള്ള താല്‍ക്കാലിക ലൈസന്‍സ് അനുവദിക്കും. എതിര്‍പ്പ് ശക്തമായതിന് തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഗസറ്റിലൂടെ ഭേദഗതി പ്രഖ്യാപിച്ചിരിക്കുന്നത്. നയത്തില്‍ മാറ്റം വരുത്തിയ വിവരം തമിഴ്നാട് എക്സൈസ് മന്ത്രി വി. സെന്തില്‍ ബാലാജി ട്വീറ്റ് ചെയ്തു.
ജില്ലാ കലക്ടറില്‍ നിന്നും മദ്യ നിയന്ത്രണ ഓഫീസര്‍മാരില്‍ നിന്നും പ്രത്യേക അനുമതി വാങ്ങി വേണം മദ്യസല്‍ക്കാരം നടത്താന്‍. ഇതിന് താല്‍ക്കാലിക അനുമതിയാണ് നല്‍കുന്നത്. അപേക്ഷ സമര്‍പ്പിച്ചാല്‍ ജില്ലാ കലക്ടറും മദ്യ നിയന്ത്രണ ഡെപ്യൂട്ടി കമ്മിഷണര്‍മാരും ഇതിന് അനുമതി നല്‍കുമെന്ന് ഗസറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു. ഒരു ദിവസമോ നിശ്ചിത സമയത്തേക്ക് മാത്രമോ ആകും ലൈസന്‍സിന്റെ കാലാവധി എന്ന് ഭേദഗതി ചെയ്ത ഉത്തരവില്‍ പറയുന്നു. ഈ പ്രത്യേക പെര്‍മിറ്റിന് നിശ്ചിത ഫീസുംനിശ്ചയിച്ചിട്ടുണ്ട്.