
പാലക്കാട്: കേരളത്തില്‍ ഗതാഗത വകുപ്പിനെ വെല്ലുവിളിച്ച് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ റോബിന് ബസിന് തമിഴ്നാട്ടിലും പിഴ. കേരളത്തില്‍ ഈടാക്കിയതിന്റെ ഇരട്ടിയോളമാണ് ബസുടമ അടയ്ക്കേണ്ടി വന്നത്. ചാവടി ചെക്ക് പോസ്റ്റിലാണ് റോബിന് മോട്ടോഴ്സിന് 70,410 രൂപ പിഴയടക്കേണ്ടി വന്നത്. അനുമതിയില്ലാതെ സര്‍വ്വീസ് നടത്തിയതിനാണ് നടപടി. ഈ തുകയില്‍ പിഴയ്ക്കൊപ്പം ടാക്സും കൂടെയാണ് ഈടാക്കിയത്. അനധികൃതമായി സര്‍വീസ് നടത്തിയതിന് ബസ് പിടിച്ചിട്ടതോടെ, ഒരാഴ്ചത്തെ ടാക്സും പിഴയും അടച്ച് വാഹന ഉടമ സര്‍വീസ് തുടരുകയായിരുന്നു. ഈ തുകയടച്ചതോടെ 24 വരെ തമിഴ്നാട്ടിലേക്ക് സര്‍വ്വീസ് നടത്താന്‍ സാധിക്കും.
അതേ സമയം, തങ്ങളെ നാണം കെടുത്തിയ റോബിന് ബസ് ഉടമയ്ക്ക് പണി കൊടുക്കാന്‍ വേണ്ടി കേരള എംവിഡി തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പുമായി കൈകോര്ത്തുവെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. കേരളത്തില്‍ ഗിരീഷിന് ഗ്രൗണ്ട് സപ്പോര്‍ട്ടുണ്ടായിരുന്നു. സോഷ്യല്‍ മീഡയയും പൊതുജനങ്ങളും നേരിട്ടിറങ്ങിയതോടെ റോബിന് രക്തസാക്ഷി പരിവേഷമായി. എന്നാല്‍, തമിഴ്നാട്ടില്‍ പിഴ ഇട്ടതോടെ കെഎസ്ആര്‍ടിസി ജീവനക്കാരും സൈബര്‍ സഖാക്കളും റോബിനെതിരേ പ്രചാരണം തുടങ്ങി.