അടൂര്‍: മൂക്കില്‍ പല്ലു മുളിച്ചിട്ടോ? എന്ന ചോദ്യം കാലാകാലങ്ങളായി നമ്മുടെ പ്രയോഗത്തിലുള്ളതാണ്. അങ്ങനെ സംഭവിച്ചതായി ഇതു വരെ എവിടെയും കേട്ടിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ അതും സംഭവിച്ചിരിക്കുന്നു. അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഇഎന്‍ടി ഡോക്ടര്‍ യുവതിയുടെ മൂക്കില്‍ നിന്നും നീക്കിയത് ലക്ഷണമൊത്ത ഒരു പല്ലാണ്.
37 വയസുള്ള യുവതിയുടെ മൂക്കില്‍ നിന്നുമാണ് പൂര്‍ണ വളര്‍ച്ചയെത്തിയ പല്ല് നീക്കം ചെയ്തത്. കുറച്ചു വര്‍ഷങ്ങളായി മൂക്കില്‍ പഴുപ്പിന്റെ ദുര്‍ഗന്ധം വരുന്നതായിരുന്നു ലക്ഷണം. പിന്നീട് ദുര്‍ഗന്ധം വര്‍ധിച്ചു. ഒരുപാടു സ്ഥലങ്ങളിലെ ചികിത്സയ്ക്കു ശേഷം യുവതി അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഇ.എന്‍.ടി. ഡോ.എം.ആര്‍.ഹരീഷിനെ കണ്ടു. ആദ്യം ആന്റീബയോട്ടിക് നല്‍കി തിരിച്ചയച്ചു. പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞും മൂക്കില്‍ നിന്നുമുള്ള ദുര്‍ഗന്ധത്തിന് കുറവില്ലാതെ വന്നതോടെ യുവതി വീണ്ടും ഡോക്ടറുടെ അടുത്തെത്തി.
സംശയം തോന്നിയ ഡോക്ടര്‍ മൂക്കിന്റെ സി.ടി.സ്‌കാന്‍ എടുക്കാന്‍ യുവതിയോട് നിര്‍ദ്ദേശിച്ചു.
സി.ടി.സ്‌കാന്‍ ഫലത്തില്‍ മുക്കില്‍ എന്തോ തടിച്ചിരിക്കുന്നുവെന്ന് കണ്ടെത്തി. എന്‍ഡോസ് കോപ്പി ചെയ്തപ്പോഴാണ് വായില്‍ നിന്നും മുകളിലേക്ക് വളര്‍ന്ന് മുക്കിനുള്ളില്‍ എത്തി നില്‍ക്കുന്ന ഒരു പല്ലാണ് തടിച്ചിരിക്കുന്നതെന്ന് മനസിലായത്. വിശദമായ പരിശോധനയില്‍ നല്ല വലുപ്പമുള്ള പല്ലാണിതെന്ന് മനസ്സിലാക്കിയ ഡോ.എം.ആര്‍.ഹരീഷ് അതിസൂഷ്മതയോടെ മൂക്കില്‍ നിന്നും ചെറിയ ശസ്ത്രക്രിയയിലൂടെ പല്ല് പിഴുത് പുറത്തെടുത്തു. ഒരു മണിക്കൂര്‍ മാത്രമാണ് പല്ലെടുക്കാനും മറ്റ് അനുബന്ധ പരിശോധനയ്ക്കുമായി മൊത്തത്തില്‍ വേണ്ടി വന്നത്.
പല്ലിന്റെ മുകള്‍ഭാഗം അണുബാധ വന്ന് പഴുത്തതാണ് ദുര്‍ഗന്ധം വരാന്‍ കാരണമെന്നാണ് ഡോക്ടര്‍ പറയുന്നത്. പല്ലിരുന്നതിനാല്‍ യുവതിക്ക് ശ്വാസതടസമോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ല. 0.1 മുതല്‍ ഒരു ശതമാനം വരെ പേരില്‍ മാത്രമാണ് ഇങ്ങനെ വഴിതെറ്റി പല്ലുകള്‍ വളരുന്നത്. ചെറുപ്രായത്തില്‍ മോണയില്‍ നിന്നും താഴേക്ക് വളര്‍ന്ന പല്ലുകളില്‍ ഒരെണ്ണം വഴിതെറ്റി മുകളിലേക്ക് പോയി. ഇത് വളര്‍ന്ന് മൂക്കിലേക്ക് കയറുന്ന അവസ്ഥയാണ് യുവതിയില്‍ ഉണ്ടായതെന്നും ഡോ.എം.ആര്‍.ഹരീഷ് പറയുന്നു. പല്ലെടുത്ത ശേഷം പ്രത്യേക വിശ്രമം ആവശ്യമില്ലാത്തതിനാല്‍ യുവതിയെ വീട്ടിലേക്ക് പോകാന്‍ അനുവദിച്ചതായും ഡോക്ടര്‍ പറഞ്ഞു.