ചോറ്റാനിക്കരയിലെ ക്ഷേത്രവഞ്ചി കുത്തിത്തുറന്ന് പണം ചാക്കിലാക്കി: ട്രെയിനിലും ബസിലും ഓട്ടോയുമായി വന്നിറങ്ങിയത് കോഴഞ്ചേരിയില്‍: പൊലിസീനെ കണ്ട് ആറ്റില്‍ച്ചാടി: മറുകരയെത്തിയപ്പോള്‍ പൊക്കിയത് കാണിക്കവഞ്ചി മോഷണ വിദഗ്ധന്‍ മാത്തുക്കുട്ടിയെ

0 second read
Comments Off on ചോറ്റാനിക്കരയിലെ ക്ഷേത്രവഞ്ചി കുത്തിത്തുറന്ന് പണം ചാക്കിലാക്കി: ട്രെയിനിലും ബസിലും ഓട്ടോയുമായി വന്നിറങ്ങിയത് കോഴഞ്ചേരിയില്‍: പൊലിസീനെ കണ്ട് ആറ്റില്‍ച്ചാടി: മറുകരയെത്തിയപ്പോള്‍ പൊക്കിയത് കാണിക്കവഞ്ചി മോഷണ വിദഗ്ധന്‍ മാത്തുക്കുട്ടിയെ
0

പത്തനംതിട്ട: ആരാധനാലയങ്ങളുടെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തുന്നതില്‍ വിദഗ്ധനായ തലവടി നീരേറ്റുപുറം കാരിക്കുഴി വാഴയില്‍ വീട്ടില്‍ മാത്തുക്കുട്ടിയെ(52) മോഷണ മുതലുമായി ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ഒരു ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി മോഷ്ടിച്ച് ട്രെയിനിലും ബസിലുമായി സഞ്ചരിച്ചിരുന്ന മാത്തുക്കുട്ടി പിടിയിലാകാന്‍ കാരണമായത് തിരുവല്ലയിലെ സ്‌പെഷല്‍ ബ്രാഞ്ച് പൊലീസുകാരന്‍ സജിത്തിന് കിട്ടിയ വിവരമാണ്. ഇയാളെ പിന്തുടര്‍ന്ന് തിരുവല്ല, ആറന്മുള പൊലീസ് നടത്തിയ സംയുക്ത നീക്കത്തിനൊടുവില്‍ പമ്പയാര്‍ നീന്തിക്കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ കൈയോടെ പിടികൂടുകയായിരുന്നു. നാണയവും നോട്ടുകളുമുള്‍പ്പെടെ 8858 രൂപ മാത്തുക്കുട്ടിയുടെ കൈവശമുണ്ടായിരുന്ന ചാക്കില്‍ നിന്ന് ലഭിച്ചു. സ്വര്‍ണം, വെള്ളിത്തകിടുകളും ലോഹക്കട്ടികളും നാഗരൂപങ്ങളുമൊക്കെ ചാക്കിലുണ്ടായിരുന്നു.

പിടിയിലായ മാത്തുക്കുട്ടി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. 2021 ലാണ് അവസാനമായി ജയിലില്‍ നിന്ന് ഇറങ്ങുന്നത്. അതിന് ശേഷം വിവിധ ജില്ലകളിലായി മോഷണം നടത്തി സുഖമായി കഴിഞ്ഞു വരികയായിരുന്നു. കാണിക്ക വഞ്ചി കുത്തിത്തുറന്ന് എടുക്കുന്ന പണം കൊണ്ട് ഭക്ഷണവും മദ്യവും വാങ്ങിക്കഴിക്കും. ബസ് സ്റ്റാന്‍ഡുകളിലും കടത്തിണ്ണകളിലും കിടന്നുറങ്ങും. ഇന്നലെ രാത്രി 11 മണിയോടെ ചോറ്റാനിക്കര റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന സകല സാധനങ്ങളും വാരി പ്ലാസ്റ്റിക് ചാക്കില്‍ നിറച്ച് മുളന്തുരുത്തി റെയില്‍വേ സ്‌റ്റേഷനിലെത്തി. അവിടെ നിന്ന് ഇന്ന് പുലര്‍ച്ചെ 5.45 നുളള ട്രെയിനില്‍ കയറി ചങ്ങനാശേരിയില്‍ ഇറങ്ങി. ഓട്ടോറിക്ഷ പിടിച്ച് തിരുവല്ലയില്‍ വന്നിറങ്ങി. അതിന് ശേഷം സ്വകാര്യ ബസില്‍ കയറി തോട്ടഭാഗത്ത് വന്നിറങ്ങി. ഈ സമയത്താണ് ഒരാള്‍ സ്‌പെഷല്‍ ബ്രാഞ്ചിലെ സജിത്ത് എന്ന പൊലീസുകാരനെ വിളിച്ച് ഒരാള്‍ സ്വകാര്യ ബസില്‍ പണം നിറച്ച പ്ലാസ്റ്റിക് ചാക്കുമായി കയറിയിട്ടുണ്ടെന്ന് അറിയിച്ചത്. സജിത്ത് മോഷ്ടാവ് സഞ്ചരിച്ച സ്വകാര്യ ബസുകാരുമായി സംസാരിച്ചപ്പോള്‍ ആള്‍ തോട്ടഭാഗത്ത് ഇറങ്ങിയതായി വിവരം ലഭിച്ചു. സജിത്ത് ഉടന്‍ തന്നെ തിരുവല്ല പൊലീസിനെ വിവരം അറിയിച്ചു. ഡിവൈ.എസ്.പി എസ്.അര്‍ഷദിന്റെ നിര്‍ദേശപ്രകാരം പൊലീസ് അന്വേഷണം തുടങ്ങി. വിവരം മറ്റ് സ്‌റ്റേഷനുകളിലേക്കും കൈമാറി.

തോട്ടഭാഗത്ത് ഇറങ്ങിയ മാത്തുക്കുട്ടി ഇവിടെ ഒരു കടയില്‍ കയറി കാപ്പി കുടിച്ച ശേഷം ഒരു ഓട്ടോ പിടിച്ച് കോഴഞ്ചേരിക്ക് വച്ചു പിടിച്ചു. പിന്തുടര്‍ന്ന് വന്ന പൊലീസുകാര്‍ മോഷ്ടാവ് സഞ്ചരിച്ച ഓട്ടോഡ്രൈവറെ കണ്ടെത്തി. അയാള്‍ കോഴഞ്ചേരിയില്‍ ഇറങ്ങിയെന്ന് വിവരം കിട്ടി. വിവരം ആറന്മുള പൊലീസിനെ അറിയിച്ചു. അവരും തെരച്ചില്‍ ആരംഭിച്ചു. മാത്തുക്കുട്ടി കോഴഞ്ചേരിയിലെ ചലഞ്ച് ഫുട്‌വെയര്‍ എന്ന കടയില്‍ കയറി ഒരു കറുത്ത ബാഗ് വാങ്ങി. അതുമായി വണ്ടിപ്പേട്ട മാര്‍ക്കറ്റ് വഴി ചന്തക്കടവിലെത്തി ചാക്കിലെ പണം എണ്ണി ബാഗിലേറ്റ് മാറ്റിക്കൊണ്ടിരിക്കവേ ആറന്മുള എസ്.ഐ എ. അലോഷ്യസ്, എ.എസ്.ഐ അജി, സി.പി.ഓ രാജഗോപാല്‍ എന്നിവര്‍ അവിടെയെത്തി.പൊലീസിനെ കണ്ട് മാത്തുക്കുട്ടി ബാഗും പണവുമൊക്കെ ഉപേക്ഷിച്ച് ആറ്റില്‍ച്ചാടി. പിന്നാലെ പൊലീസും നാട്ടുകാരും കൂടി. നീന്തി മറുകര അണഞ്ഞ മാത്തുക്കുട്ടിയെ അവിടെ കാത്തു നിന്ന പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

വിവാഹിതനാണെങ്കിലും ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മോഷണം തൊഴിലായി സ്വീകരിച്ചയാളാണ് മാത്തുക്കുട്ടി. ആലപ്പുഴ, പത്തനംതിട്ട സബ്ജയിലുകളിലായി നാലു വര്‍ഷം റിമാന്‍ഡില്‍ കഴിഞ്ഞു. 2021 ല്‍ പുറത്തിറങ്ങിയ ശേഷം ചാലക്കുടിക്ക് പോയി. അതു കഴിഞ്ഞ് ഷൊര്‍ണുരില്‍ ഒരു ഹോട്ടലില്‍ ജോലിക്ക് കയറി. അവിടെ നില്‍ക്കുമ്പോള്‍ ഷൊര്‍ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള അമ്പലത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്നു. പിന്നാലെ കാഞ്ഞങ്ങാട് ഒരു കനാലിനോട് ചേര്‍ന്നുള്ള അമ്പലത്തിലെ വഞ്ചിയും മോഷ്ടിച്ചു. അമ്പലങ്ങളുടെ ഒന്നും പേര് തനിക്ക് അറിയില്ലെന്നും കൊണ്ടു പോയാല്‍ കാണിച്ചു തരാമെന്നും മാത്തുക്കുട്ടി പൊലീസിനോട് പറഞ്ഞു. ഇതിന് ശേഷവും മോഷണം തുടര്‍ന്നു. പരപ്പനങ്ങാടി, കൊല്ലം, മണ്‍റോ തുരുത്ത്, ശാസ്താംകോട്ട, കല്ലിശേരി, ചിങ്ങവനം പാലത്തിന് സമീപമുള്ള ക്ഷേത്രം എന്നിവിടങ്ങളിലും കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തി.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…