
ആറന്മുള: മണ്ഡലത്തിലെ കോഴഞ്ചേരി പുതിയ പാലം നിര്‍മ്മാണത്തിന്റെ ബാക്കിയുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ടെണ്ടറിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 16.72 കോടി രൂപയുടെ ടെണ്ടറിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തിയാണ് ടി.കെ റോഡില്‍ ന്യൂ കോഴഞ്ചേരി പാലം നിര്‍മ്മാണം നടക്കുന്നത്.
പ്രവൃത്തി ആരംഭിച്ചിരുന്നുവെങ്കിലും ഭൂമി വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് പ്രവൃത്തി പൂര്‍ത്തീകരിക്കാനായില്ല. പ്രവൃത്തി തുടരാന്‍ സാഹചര്യം ഒരുങ്ങിയ ഘട്ടത്തില്‍ ബാക്കിയുള്ള പ്രവൃത്തിക്ക് ടെന്‍ഡര്‍ വിളിക്കുകയായിരുന്നു. ഈ ടെന്‍ഡര്‍ ആണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്. മന്ത്രി വീണ ജോര്‍ജും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള ഇടപെടല്‍ നടത്തിയിരുന്നു.
ടെന്‍ഡര്‍ അംഗീകരിച്ച സാഹചര്യത്തില്‍ പ്രവൃത്തി തുടങ്ങാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.