
നെടുങ്കുന്നം: വിഷുപ്പുലരിയില്‍ തങ്കമ്മക്ക് കൈനീട്ടമായി ലഭിച്ചത് സ്വപ്ന ഭവനത്തിന്റെ താക്കോല്‍. ഡോ. എം എസ് സുനിലിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നല്‍കിയ മനോഹരമായ ചെറിയ വീട് തങ്കമ്മയ്ക്ക് സ്വര്‍ഗ്ഗരാജ്യംതന്നെയാണ്. തങ്കമ്മയുടെ സ്വര്‍ഗ്ഗരാജ്യം:
പത്തനംതിട്ട-കോട്ടയം ജില്ലകളുടെ അതിര്‍ത്തിയില്‍ നെടുങ്കുന്നം പഞ്ചായത്തിലെ ചേലക്കൊമ്പ് നിവാസിയായ തങ്കമ്മയുടെ ഒന്നേകാല്‍ പതിറ്റാണ്ടിലധികമായുള്ള സ്വപ്നമാണ് സ്വന്തമായി ചെറിയൊരു വീട് എന്നത്. ഭര്‍ത്താവ് റജിയും നേഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ മകള്‍ റോഷ്‌നയും അടങ്ങുന്ന കുടുംബം ഒരു നടവഴി പോലുമില്ലാത്ത സ്ഥലത്ത് ബന്ധുവിന്റെ പുരയിടത്തില്‍ നിര്‍മ്മിച്ച ചെറിയ ഒരു ഷെഡിലാണ് താമസിച്ചിരുന്നത്.
പഞ്ചായത്തിലെ മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ക്ഷീരകര്‍ഷകനായ റജി അദ്ധ്വാനിച്ച് നല്ല നിലയില്‍ കുടുംബം നോക്കി വന്നിരുന്നു. എന്നാല്‍ തങ്കമ്മയെ ബാധിച്ച കിഡ്‌നി സംബന്ധമായ രോഗം കുടുംബത്തെ സാമ്പത്തികമായി തളര്‍ത്തിക്കളഞ്ഞു. തന്റെ ദുരവസ്ഥ റജി അറിയിക്കുകയും സുനില്‍ വിവരങ്ങള്‍ തേടി നെടുംകുന്നത്ത് എത്തുകയുമായിരുന്നു. രണ്ട് മുള്ളുവേലികള്‍ക്കടിയില്‍ക്കൂടി ദുര്‍ഘടമായ വഴിയിലൂടെ തങ്കമ്മ – റജി ദമ്പതികള്‍ താമസിക്കുന്ന ഷെഡിന് മുന്നിലെത്തിയതോടെ ആ കുടുംബം അനുഭവിക്കുന്ന സമാനതകളില്ലാത്ത പ്രതിസന്ധികള്‍ ബോദ്ധ്യപ്പെട്ട സുനില്‍ അവര്‍ക്കായി ഒരു വീട് നിര്‍മ്മിച്ച് നല്‍കും എന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് മടങ്ങിപ്പോയത്.
വിദേശ മലയാളികളായ ജോബ്- സൂസി ദമ്പതികളുടെ സഹായത്തോടെയാണ് ഗ്രാമപഞ്ചായത്ത് അനുവദിച്ച മൂന്ന് സെന്റ് സ്ഥലത്ത് ഡോ. എം എസ് സുനില്‍ മനോഹരമായ ഒരു ചെറിയ വീട് നിര്‍മ്മിച്ചത്.
നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മുതല്‍ ഉണ്ടായ നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചാണ് സുനിലും ജയലാലും ചേര്‍ന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കി, വിഷുപ്പുലരിയില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ തങ്കമ്മക്കും കുടുംബത്തിനും വീടിന്റെ താക്കോല്‍ കൈമാറിയത്.
തന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നല്‍കിയ 350-ാമത്തെ വീട് ഏറ്റവും അര്‍ഹരായവര്‍ക്ക് തന്നെ നല്‍കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് എം.എസ്. സുനില്‍.