
റാന്നി: തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച ശേഷം മുങ്ങിയ പ്രതിയെ 19 വര്‍ഷത്തിന് ശേഷം കണ്ടെത്തി പിടികൂടിപോലീസ്. മലയാലപ്പുഴ ഏറം പൊതീപ്പാട് പുത്തന്‍പുരയില്‍ രാജീവ്(50) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഊര്‍ജിതമാക്കിയ അന്വേഷണത്തില്‍ തടിപ്പണിയും മറ്റുമായി കഴിഞ്ഞുകൂടിയ പ്രതിയെ കൂനംകരയില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇടുക്കി കാളിയാര്‍ സ്വദേശിയായ ഇയാള്‍ക്കെതിരെ കാളിയാര്‍ പോലീസ് സ്‌റ്റേഷനില്‍ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്. കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട ഇയാള്‍ക്കെതിരെ അബ്കാരി കേസും നിലവിലുണ്ട്. മണക്കയത്തിനടുത്തു വച്ച് ഒരാളുമായി വഴക്ക് കൂടുകയും കല്ലു കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചശേഷം മുങ്ങുകയായിരുന്നു. 2006 ലാണ് സംഭവം. പെരുനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ പ്രതിയെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
2008 ല്‍ കേസ് എല്‍.പി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ കോടതി വാറന്റ് പുറപ്പെടുവിപ്പിക്കുകയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ ജി . വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ എസ്.ഐമാരായ അലോഷ്യസ്, രവീന്ദ്രന്‍, എസ് സി പി ഓമാരായ ഷിന്റോ,വിജീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.