
റാന്നി: മന്ദമരുതിയില്‍ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.റാന്നി ചേത്തയ്ക്കല്‍ നടമംഗലത്ത് വീട്ടില്‍ കുട്ടു എന്ന് വിളിക്കുന്ന അരവിന്ദ് (30), ചേത്തയ്ക്കല്‍ മലയില്‍ വീട്ടില്‍ അജോ എം. വര്‍ഗീസ് (30), നടമംഗലത്ത് വീട്ടില്‍ ശ്രീക്കൂട്ടന്‍ എന്ന് വിളിക്കുന്ന ഹരിശ്രീ വിജയന്‍ (28), നീരേറ്റുകാവ് കക്കുടുമണ്‍ താഴത്തേക്കൂറ്റ് വീട്ടില്‍ അക്‌സം (25) എന്നിവരാണ് റിമാന്‍ഡിലായത്. മൂന്നു പ്രതികളുമായി ഇന്നലെ രാവിലെ പോലീസ് സംഭവ സ്ഥലത്ത് തെളിവെടുത്തു. കീക്കോഴൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വെട്ടിക്കല്‍ വീട്ടില്‍ സുരേഷിന്റെ മകന്‍ അമ്പാടി സുരേഷിനെ (24) കൊലപ്പെടുത്തിയ രീതി പ്രതികള്‍ അന്വേഷണ സംഘത്തെ കാണിച്ചു കൊടുത്തു. മൂന്നു പേര്‍ മാത്രമാണ് നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തത്. അക്‌സം ഒഴികെ ഉള്ളവരുമായിട്ടാണ് പോലീസ് തെളിവെടുപ്പിന് എത്തിയത്. അക്‌സം കൃത്യസ്ഥലത്തില്ലായിരുന്നുവെങ്കിലും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചുവെന്നതിനാണ് കേസില്‍ ഉള്‍പ്പെടുത്തിയത്.
15 ന് രാത്രി എട്ടിനാണ് കൊലപാതകം നടന്നത്. കാറുകള്‍ അപകടകരമായ
രീതിയിലാണ് വന്നതെന്നും തിരികെ പോയതെന്നും തങ്ങള്‍ക്ക് നേരെ പാഞ്ഞെത്തിയെന്നും സമീപവാസികള്‍ പറഞ്ഞു. ആദ്യം വെറും അപകടമെന്ന് കരുതിയ സംഭവത്തില്‍, കൊല്ലപ്പെട്ട അമ്പാടിയുടെ സഹോദരങ്ങളും സുഹൃത്തും നല്‍കിയ മൊഴിയാണ് കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടിയത്.
പ്രതികളായ ശ്രീക്കുട്ടന്‍, അക്‌സം എന്നിവരും അമ്പാടിയും സഹോദരങ്ങളുമായി മന്ദമരുതിയില്‍ വച്ച് ഏറ്റുമുട്ടി. കൊല്ലപ്പെട്ട അമ്പാടി, സഹോദരങ്ങളായ വിനു, വിഷ്ണു, സുഹൃത്ത് മിഥുന്‍ എന്നിവരാണ് ശ്രീക്കുട്ടനെ മര്‍ദിച്ചത്. ഇതു കണ്ട അക്‌സം മറ്റു രണ്ടു പേരെയും ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. അടി കൊണ്ട് അവിടെ നിന്ന് സ്‌കൂട്ടറില്‍ പോയ ശ്രീക്കുട്ടന്‍ അക്‌സത്തിനെ ഒഴിവാക്കി അരവിന്ദനെയും അജോ വര്‍ഗീസിനെയും വിളിച്ചു കൊണ്ട് സ്വിഫ്ട് കാറില്‍ വരികയായിരുന്നു. ഈ സമയം കാറിനോട് ചേര്‍ന്ന് റോഡിന്റെ അരികില്‍ നിന്ന അമ്പാടിയെ ഇടിച്ചു തെറിപ്പിച്ച് കാര്‍ കയറ്റി കടന്നു പോയി. പ്രതികളെ രാത്രി മുഴുവന്‍ വിശദമായി ചോദ്യം ചെയ്തിന് ശേഷമാണ് തെളിവെടുപ്പിന് എത്തിച്ചത്.