മയക്കുമരുന്നുകളുടെയും ലഹരിവസ്തുക്കളുടേയും അനധികൃത കടത്തുതടയൽ നിയമപ്രകാരം നിരവധി കേസുകളിൽ പ്രതിയെ കരുതൽ തടങ്കലിലാക്കി

0 second read
Comments Off on മയക്കുമരുന്നുകളുടെയും ലഹരിവസ്തുക്കളുടേയും അനധികൃത കടത്തുതടയൽ നിയമപ്രകാരം നിരവധി കേസുകളിൽ പ്രതിയെ കരുതൽ തടങ്കലിലാക്കി
0

പത്തനംതിട്ട : ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവുപ്രകാരം, മയക്കുമരുന്ന് കടത്തൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരുവർഷത്തെ കരുതൽ തടങ്കലിലാക്കി പത്തനംതിട്ട പോലീസ്. മയക്കുമരുന്നുകളുടെയും ലഹരിവസ്തുക്കളുടെയും അനധികൃത കടത്ത് തടയൽ നിയമം 1988 വകുപ്പ് 3(1) പ്രകാരം, കുമ്പഴ ആനപ്പാറ മൂലക്കൽ പുരയിടം വീട്ടിൽ ഷാജഹാനെ (40) യാണ്‌ ഇത്തരത്തിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. ഈ വർഷത്തെ ആദ്യത്തേതും ജില്ലയിലെ മൂന്നാമത്തെതുമായ ഉത്തരവാണ് ഇപ്പോൾ പോലീസ് നടപ്പാക്കിയിരിക്കുന്നത്. എൻ ഡി പി എസ് നിയമപ്രകാരമുള്ള 9 കേസുകളിലും, 5 അടിപിടി കേസുകളിലും പ്രതിയായ ഇയാൾ, പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് രജിസ്റ്റർ ചെയ്ത 30.240 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു.

അടൂർ പോലീസ്, പാലക്കാട് എക്സൈസ്, തിരുവല്ല പോലീസ്, പത്തനംതിട്ട പോലീസ്, പത്തനംതിട്ട എക്സൈസ് റേഞ്ച് ഓഫീസ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പരിഗണിച്ചാണ് ഉത്തരവ്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇയാളെ ജയിലിലെത്തി പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ഷിബു കുമാറിന്റെ നേതൃത്വത്തിൽ ജനുവരി 9 ന് അറസ്റ്റ് ചെയ്തു തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. നർകോട്ടിക് സെൽ ഡിവൈഎസ്പി ജെ ഉമേഷ് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കഴിഞ്ഞവർഷം സെപ്റ്റംബർ 28ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ശുപാർശ സമർപ്പിക്കുകയുമായിരുന്നു.

ശുപാർശയിലെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം, 2014 മുതൽ നിരവധി മയക്കുമരുന്ന് കേസുകളിലും മറ്റും പ്രതിയായ ഷാജഹാൻ കോടതിയുടെ ജാമ്യവസ്തുക്കൾ ലംഘിച്ചും കുറ്റകൃത്യങ്ങൾ ആവർത്തിച്ചതായി കണ്ട് ഒരുവർഷത്തെ കരുതൽതടങ്കലിന് ഉത്തരവിടുകയായിരുന്നു.
മയക്കുമരുന്നുകളുടെയും ലഹരിവസ്തുക്കളുടെയും അനധികൃത കടത്ത് തടയൽ നിയമം (പി ഐ ടി -എൻ ഡി പി എസ് നിയമം )1988 വകുപ്പ് 3(1) പ്രകാരമാണ് ഉത്തരവ്. ഷാജഹാൻ വർഷങ്ങളായി കൂട്ടാളികളുമൊത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തെ ഇതര ജില്ലകളിൽ നിന്നും വൻതോതിൽ കഞ്ചാവ് ഇവിടെയെത്തിച്ച് കൈവശം വയ്ക്കുകയും, മയക്കുമരുന്ന് മാഫിയ സംഘമായി പ്രവർത്തിച്ച് ജില്ലയിലും പുറത്തും വില്പന നടത്തി വരികയുമാണെന്ന് കണ്ടെത്തിയിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ കച്ചവടം നടത്തി നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെടുന്ന പ്രതി, പൊതു ക്രമസമാധാനത്തെ ബാധിക്കുന്ന തരത്തിൽ സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളിലും മറ്റും ഏർപ്പെടുന്നതായി കണ്ടെത്തി. യുവാക്കളെയും മറ്റും സംഘത്തിലേക്ക് എത്തിച്ച് പ്രവർത്തനം വ്യാപിപ്പിച്ച ഇയാളും കൂട്ടാളികളും, പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയാണ് നടപടിക്ക് വിധേയനാക്കിയത്. 2023 ൽ അടൂർ സ്വദേശി ഷാനവാസിനെതിരെയും തുടർന്ന് തിരുവല്ല സ്വദേശി വിനീതിനെതിരെയും ഈ നിയമപ്രകാരം നടപടി പോലീസ് സ്വീകരിച്ചിരുന്നു. ഇരുവരും ജയിലിൽ കരുതൽ തടങ്കലിൽ അടക്കപ്പെടുകയും ചെയ്തു. അന്നത്തെ നർകോട്ടിക് സെൽ ഡിവൈഎസ്പി കെ എ വിദ്യാധരന്റെ റിപ്പോർട്ട്‌ പ്രകാരം അന്നത്തെ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച ശുപാർശയിലായിരുന്നു നടപടി.

കഞ്ചാവ് കടത്തിയതിന് അടൂർ, തിരുവല്ല പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസ് വീതവും, പാലക്കാട് എക്സൈസിൽ ഒരു കേസും, പത്തനംതിട്ട എക്സൈസിൽ 5 കേസുകളും, പത്തനംതിട്ട പോലീസിൽ ഒരു കേസിലുമാണ് ഇയാൾക്കെതിരെ കേസുകൾ എടുത്തത്. 2014 മുതൽ രജിസ്റ്റർ ചെയ്തവയാണ് ഇവ. കൂടാതെ, 2018, 2020 വർഷങ്ങളിൽ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത 5 അടിപിടി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. നിരന്തരം സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും മറ്റും കഞ്ചാവ് വില്പന നടത്തിവരികയും ചെയ്ത ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം 2017 ഡിസംബറിൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, തിരുവനന്തപുരം റേഞ്ച് ഡി ഐ ജി 6 മാസം ജില്ലയിൽ നിന്നും പുറത്താക്കി ഉത്തരവ് പുറപ്പെടുവിപ്പിച്ചിരുന്നു. ഈ ഉത്തരവ് ലംഘിച്ചുകൊണ്ട് 2018 ഫെബ്രുവരി 12 ന് ജില്ലയിലെത്തിയതായി വിവരം ലഭിച്ച പോലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ മുതിർന്നു. എന്നാൽ അറസ്റ്റിലായ പ്രതിക്കെതിരെ കാപ്പ നിയമവ്യവസ്ഥകൾ ലംഘിച്ചതിനുൾപ്പെടെ കേസെടുത്ത് അന്ന് റിമാൻഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞവർഷം ജൂലൈ ഒന്നിന് കൂട്ടാളിക്കൊപ്പം മോട്ടോർ സൈക്കിളിൽ 1.940 കിലോ കഞ്ചാവ് കടത്തിയതിന് എടുത്തതാണ് ജില്ലയിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത ഒടുവിലെ കേസ്.
സമാധാനലംഘന പ്രവർത്തനങ്ങൾ തുടർന്ന ഷാജഹാനെതിരെ അടൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി 2017 നവംബറിൽ നടപടി സ്വീകരിച്ചു. 2017 മുതൽ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു. നിരന്തരം സമാധാനലംഘനപ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഇയാൾക്കെതിരെ പൊതുജനങ്ങൾക്കിടയിൽ പരാതികൾ ഉയർന്നിരുന്നു. ഇത്തരത്തിൽ മയക്കുമരുന്നുകളും ലഹരിവസ്തുക്കളും കച്ചവടം ചെയ്യുകയും, നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന പ്രതികളെ കണ്ടെത്തി, നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനും മറ്റുമുള്ള കർശന നടപടികൾ ജില്ലയിൻ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പതിനാറുകാരിയെ തമിഴ്‌നാട്ടിലെത്തിച്ച് ദിവസങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും

പത്തനംതിട്ട: പതിനാറുകാരിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം കൂടെ താമസിപ്പി…