
പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കരുതല്‍ തടങ്കലില്‍ അടച്ചു. തിരുവല്ല കാവുംഭാഗം പെരുംതുരുത്തി കല്ലുകടവ് പാലത്തിന് സമീപം നെടുമ്പറമ്പില്‍ വീട്ടില്‍ ഷിബു തോമസി(28)നെയാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ഏഴു വര്‍ഷമായി അടിപിടി, ആയുധം ഉപയോഗിച്ചുള്ള ആക്രമണം,, വധശ്രമം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, അതിക്രമിച്ചു കയറി ദേഹോപദ്രവം ഏല്‍പ്പിക്കല്‍, മോഷണം, കഞ്ചാവ് കൈവശം വക്കല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുണ്ട്. നല്ലനടപ്പിന് കോടതിയില്‍ ബോണ്ട് വച്ചിരുന്ന ഇയാള്‍, അതിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടു.
തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത എക്‌സൈസ് ഇന്‍സ്പെക്ടറെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരികയാണ്. കോട്ടയം തൃക്കൊടിത്താനം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലും , തിരുവല്ല, ചങ്ങനാശ്ശേരി എക്‌സൈസ് കേസുകളിലും പ്രതിയാണ്.