
പത്തനംതിട്ട: വെച്ചൂച്ചിറ പോലീസ് 2022 ല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ, കഞ്ചാവ് വില്‍പ്പനക്കായി സൂക്ഷിച്ച കേസിലെ രണ്ട് പ്രതികളെ , 5 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച് കോടതി. പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി 2 ജഡ്ജി എസ് ശ്രീരാജ് ആണ് ശിക്ഷ വിധിച്ചത്. കേസില്‍ ഒന്നും രണ്ടും പ്രതികളായ കോട്ടയം മണിമല മൂക്കട കാവല്‍പുളിക്കല്‍ വീട്ടില്‍ ബിജുമോന്‍ രാഘവന്‍(38), മണിമല എ കെ കവല മൂക്കട കിഴക്കെപുറത്തു കുടിയില്‍ വീട്ടില്‍ കെ കെ സാബു(52) എന്നിവരെ 25000 രൂപ വീതം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 5 മാസത്തെ അധികതടവുകൂടി അനുഭവിക്കണം. മൂന്നാം പ്രതി മണിയപ്പനെ വെറുതെവിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി ആര്‍ അനില്‍കുമാര്‍ ഹാജരായി.
2 കിലോ 900 ഗ്രാം കഞ്ചാവ് വില്‍പ്പനക്കായി രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയില്‍ ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്ന് കൊണ്ടു പോകുന്നതായികണ്ട് 2022 ജൂലൈ നാലിന് രാത്രി കൊല്ലമുള കൂത്താട്ടുകുളം – കാക്കനാട്ട് പടിയില്‍വച്ച് പോലീസ് പിടികൂടിയെന്നതാണ് കേസ്. അന്നത്തെ വെച്ചൂച്ചിറ എസ് ഐ ജി സണ്ണികുട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പോലീസ് ഇന്‍സ്പെക്ടര്‍ ജര്‍ലിന്‍ വി സ്‌കറിയ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണസംഘത്തില്‍ എ എസ് ഐ അന്‍സാരിയും ഉണ്ടായിരുന്നു.