ചാരിത്ര്യത്തില്‍ സംശയിച്ച് ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി

1 second read
Comments Off on ചാരിത്ര്യത്തില്‍ സംശയിച്ച് ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി
0

പത്തനംതിട്ട: വിരോധം കാരണം ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കല്‍ ചൂണ്ടലില്‍ വീട്ടില്‍ തങ്കച്ചന്‍ എന്ന് വിളിക്കുന്ന സി പി ഡാനിയേലിനെയാണ് അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി 3 ജഡ്ജി ഡോ. പി കെ ജയകൃഷ്ണന്‍ ശിക്ഷിച്ച് വിധി പുറപ്പെടുവിപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബി ബിന്നി ഹാജരായി.

ഭാര്യ സെലിന്‍ എന്ന് വിളിക്കുന്ന റേച്ചല്‍ ഡാനിയേലി(54) നെയാണ് 2017 ഫെബ്രുവരി 18 ഉച്ചക്ക് ശേഷം വീടിനു പറമ്പിലിട്ട് ഡാനിയേല്‍
വെട്ടുകത്തി കൊണ്ട് തുരുതുരാ വെട്ടിക്കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെതിരെ പത്തനംതിട്ട ജെ എഫ് എം കോടതിയില്‍ കേസുകള്‍ നല്‍കിയതും,
സെലിന്റെ കൈവശാവകാശത്തിലുള്ള വസ്തുവിലെ ആഞ്ഞിലിത്തടിയും മറ്റു തടികളും വിറ്റുകിട്ടിയ തുകയിലെ വിഹിതം നല്‍കാത്തതും മറ്റും കാരണമായാണ് ഡാനിയേല്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാള്‍ക്ക് ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയവുമുണ്ടായിരുന്നു. നിരന്തരമുള്ള ഭര്‍ത്താവിന്റെ മര്‍ദ്ദനം കാരണം കോടതിയില്‍ നിന്നും 2011-12 കാലയളവില്‍ രണ്ടുതവണ സെലിന്‍ സംരക്ഷണഉത്തരവ് സമ്പാദിച്ചിരുന്നു. വില്ലേജില്‍ കയറരുതെന്ന് ഇയാള്‍ക്കെതിരെ നിയന്ത്രണ ഉത്തരവും നിലനിന്നിരുന്നു. പിന്നീട് പലരും ഇടപെട്ടതുകാരണം ഇരുവരും ഒരുമിച്ചുതാമസിച്ചു വരവേ ഒരാഴ്ച്ചക്കു ശേഷമാണ് കൊലപാതകം നടന്നത്.

വീടിന്റെ ഹാളില്‍ ഇരുന്ന സെലിനെ കൈയില്‍ വെട്ടുകത്തിയുമായി എത്തിയ പ്രതി ആഞ്ഞുവെട്ടിയെങ്കിലും ഒഴിഞ്ഞുമാറി വീടിനു പുറത്തേക്കോടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന് പറമ്പിലിട്ട് തുരുതുരാ കഴുത്തിനും തലയ്ക്കും വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ സെലിന്‍ മരണപ്പെട്ടു. അന്നത്തെ തണ്ണിത്തോട് എസ് ഐ ആയിരുന്ന ലീലാമ്മയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ആര്‍ ജോസ് തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത് പ്രതിയെ പിറ്റേന്ന് വൈകിട്ട് ആവോലിക്കുഴിയില്‍ നിന്നും പിടികൂടി. അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

 

Load More Related Articles
Comments are closed.

Check Also

ഒഡിഷക്കാരന്‍ കൊണ്ടുവന്ന 14 കിലോ കഞ്ചാവ് വള്ളംകുളം സ്വദേശിക്ക്: സിപ്ലിയെന്ന സുധീഷിനെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്

തിരുവല്ല: ഒഡീഷ സ്വദേശിയുമായി കഞ്ചാവ് കൈമാറ്റഇടപാടില്‍ ഏര്‍പ്പെട്ടയാളെ തിരുവല്ല പോലീസ് പിടി…