ഇടത്തിട്ടയിലെ ജോബിയുടെ മരണം അപകടത്തിലല്ല: സംഘട്ടനത്തിനിടെ വീണു മരിച്ചതെന്ന് നിഗമനം: പ്രതികളും കാറും കസ്റ്റഡിയിലെന്ന് സൂചന

0 second read
Comments Off on ഇടത്തിട്ടയിലെ ജോബിയുടെ മരണം അപകടത്തിലല്ല: സംഘട്ടനത്തിനിടെ വീണു മരിച്ചതെന്ന് നിഗമനം: പ്രതികളും കാറും കസ്റ്റഡിയിലെന്ന് സൂചന
0

പത്തനംതിട്ട: ഇടത്തിട്ടയില്‍ അപകടമരണമെന്ന് കരുതിയ സംഭവം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമെന്ന് തെളിഞ്ഞു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചു. പ്രതികളും ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെന്ന് സൂചന. കൊടുമണ്‍ ഇടത്തിട്ട പുതുപ്പറമ്പില്‍ മത്തായി മകന്‍ ജോബി മാത്യു (44) ആണ് മരിച്ചത്. കഴിഞ്ഞ മാസം 25 ന് രാത്രി 8.45 ന് ഇടത്തിട്ട ജങ്ഷന് സമീപം സ്വന്തം കാറിന് അരികില്‍ പരുക്കേറ്റ് ജോബി വീണു കിടക്കുകയായിരുന്നു. കനത്ത മഴ ആയിരുന്നതിനാല്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് നാട്ടുകാര്‍ കണ്ട് ഇവിടെ നിന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് ലൈഫ്‌ലൈന്‍ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ചികില്‍സയിലിരിക്കേ എട്ടു ദിവസത്തിന് ശേഷം ജോബി മരിച്ചു. വാഹനാപകടത്തില്‍ പരുക്കു പറ്റിയെന്ന് കരുതിയാണ് നാട്ടുകാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, തന്നെ ചിലര്‍ മര്‍ദിച്ചിരുന്നുവെന്ന് ഇയാള്‍ ഡോക്ടറോട് പറഞ്ഞിരുന്നു. സംഭവം നടക്കുമ്പോള്‍ ജോബി മദ്യലഹരിയിലായിരുന്നു. അതിനാല്‍ തന്നെ പോലീസും ഈ മൊഴി കാര്യമായി എടുത്തില്ല. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് പിന്നിലേറ്റ മുറിവാണ് മരണത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തി. തലയോട്ടി തകര്‍ന്ന് ഉണ്ടായ രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചത്്.
ഇതോടെ പോലീസ് നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം തുടങ്ങി. ദൃക്‌സാക്ഷികള്‍ ആരുമില്ലാത്ത സംഭവമായതിനാല്‍ പോലീസിന് തുമ്പൊന്നും ലഭിച്ചില്ല. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും നടത്തിയ പരിശോധനയ്‌ക്കൊടുവില്‍ പത്തനംതിട്ട സ്വദേശിയുടെ വാഹനത്തെ കുറിച്ച് സൂചന ലഭിച്ചു. തങ്ങളെ കുറിച്ച് പോലീസ് മനസിലാക്കിയെന്ന് അറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍പ്പോയിരുന്നു. ഇന്നലെ പ്രതികളെയും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മദ്യലഹരിയിലായിരുന്ന ജോബിയുടെ വാഹനവും പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളുടെ വാഹനവും തമ്മില്‍ തട്ടിയിരിക്കാമെന്നും തുടര്‍ന്നുണ്ടായ അടിപിടിയില്‍ ജോബിക്ക് വീണു പരുക്കേതാകാമെന്നുമാണ് പോലീസിന്റെ നിഗമനം. വാഹനാപകടത്തിന്റെയും സംഘട്ടനത്തിന്റെയും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വാഹനം തട്ടിയത് ചൊല്ലിയുള്ള തര്‍ക്കമാണ് സംഘട്ടനത്തതില്‍ കലാശിച്ചത്. ഇടത്തിട്ടയില്‍ വെല്‍ഡിങ് വര്‍ക്‌ഷോപ്പ് നടത്തുകയാണ് ജോബി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…