റാന്നി: യുദ്ധമേഖലകളില്‍ ഉപയോഗിക്കുന്ന ബെയ്‌ലി പാലം കേരളത്തില്‍ ആദ്യമായി സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ചത് റാന്നിയില്‍ പമ്പ നദിക്ക് കുറുകെയായിരുന്നു. റാന്നി വലിയ പാലം മധ്യഭാഗത്ത് വച്ചു തകര്‍ന്ന് നദിയിലേക്ക് വീണപ്പോഴായിരുന്നു അത്. നിലവില്‍ വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ മേഖലയില്‍ ബെയ്‌ലി പാലം സൈന്യം നിര്‍മിച്ചപ്പോള്‍ റാന്നിക്കാരുടെ ഓര്‍മയിലേക്ക് ബെയ്‌ലി പാലവും ഓടിയെത്തുന്നു.
ഒരു പ്രദേശമാകെ ഒലിച്ചില്ലാതായപ്പോള്‍ നദി കടന്ന് അക്കരെ എത്താനാണ് വയനാട്ടില്‍ സൈന്യം പാലം നിര്‍മ്മിക്കുന്നതെങ്കില്‍ തകര്‍ന്നു വീണ പാലം മുറിച്ച കരകള്‍ തമ്മിലുള്ള ബന്ധം ഉറപ്പിക്കാനാണ് റാന്നിയില്‍ കാല്‍ നൂറ്റാണ്ട് മുന്‍പ് കരസേന എത്തിയത്. ഇതിന് ഒരു സമാനത കൂടി ഉണ്ട്. 1996 ജൂലൈ 29 നായിരുന്നു പമ്പാ നദിയില്‍ റാന്നി പാലം തകര്‍ന്നത്. മറ്റൊരു ജൂലൈ 29 നാണ് വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇപ്പോഴത്തെ പുനലൂര്‍ മൂവാറ്റുപുഴ ഹൈവേയില്‍ റാന്നി അങ്ങാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതായിരുന്നു പമ്പാ നദിയിലെ റാന്നി പാലം. ഇത് മുറിഞ്ഞതോടെ ഒന്നായി കഴിഞ്ഞിരുന്ന നാടും വിഭജിക്കപ്പെട്ടു.
കരസേനയാണ് അധികം വൈകാതെ ബെയ്‌ലി പാലം നിര്‍മ്മിച്ച് ഇരു കരകളെയും ഒരുമിപ്പിച്ചത്. മദ്ധ്യഭാഗത്തെ കോണ്‍ക്രീറ്റ് സ്പാന്‍ തകര്‍ന്നു വീണായിരുന്നു പാലം മുറിഞ്ഞത്. തൂണുകള്‍ക്ക് ഉണ്ടായ ചരിവ് ആണ് അപകട കാരണമായി കണ്ടെത്തിയത്. ഇതോടെ റാന്നിയില്‍ ഗതാഗതം സ്തംഭിച്ചു. ബദല്‍ സംവിധാനമായി കരസേന പമ്പാ നദിക്ക് കുറുകെ ബെയ്്‌ലി പാലം നിര്‍മ്മിച്ചു. യുദ്ധ മേഖലയിലേത് പോലെ തന്നെ ബെയ്‌ലി പാലത്തിന്റെ പണി സൈന്യം പൂര്‍ത്തിയാക്കി.
രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊതുമരാമത്ത് പുതിയ പാലം പണിതത്. റാന്നി പാലത്തിന്റെ തകര്‍ച്ച ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ ബുദ്ധിമുട്ട് ആകുമായിരുന്നു. സൈനിക ആവശ്യങ്ങള്‍ പുറമെ ആദ്യം ബെയ്‌ലി പാലം നിര്‍മ്മിച്ചത് ലഡാക്കില്‍ ആയിരുന്നു.കേരളത്തില്‍ എം സി റോഡില്‍ ഏനാത്തു് പാലം തകര്‍ന്നപ്പോഴും ബെയ്‌ലിയുമായി കരസേന എത്തി. ഇപ്പോള്‍ വയനാട് ദുരന്ത മേഖലയില്‍ വീണ്ടും.