
പത്തനംതിട്ട: കുടുംബപ്രശ്‌നം കാരണമുള്ള മുന്‍വിരോധത്താല്‍ യുവതിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. തിരുവനന്തപുരം സ്വദേശി വിപില്‍ (30) ആണ് ഡിവൈ.എസ്.പി ഓഫീസില്‍ കീഴടങ്ങിയത്. മൈലപ്ര കോട്ടമല ഓലിക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അശ്വതി(28)യെ 25 ന് രാവിലെ എട്ടിന് വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടുകത്തി കൊണ്ട് തലയ്ക്കും കഴുത്തിനും വെട്ടി മാരകമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. കൈപ്പത്തിയിലും വെട്ടേറ്റു. അയല്‍ വീട്ടില്‍ അഭയം പ്രാപിച്ച യുവതിയെ ഉടനടി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തിന് ശേഷം ഭര്‍ത്താവ് രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് സ്ഥലംവിടുകയായിരുന്നു. പരുക്ക് ഗുരുതരമായതിനാല്‍ യുവതിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയും കുട്ടികളും മറ്റും ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ്. വീട്ടുടമ റാന്നി ഉതിമൂട് ഗ്രീന്‍വാലി ഓലിക്കല്‍ കെ. ഷിനോയിയുടെ മൊഴിപ്രകാരം കേസെടുത്ത പോലീസ് പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.