അടൂര്‍: പന്തല്‍ പണിക്കായി വീടിന്റെ മുന്‍വശം ഷെഡില്‍ സൂക്ഷിച്ചിരുന്ന അമ്പതോളം ജിഐ പൈപ്പുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് പിടികൂടി. ഏഴംകുളം തൊടുവക്കാട് പാറച്ചരുവില്‍ നിയാസ്(39) ആണ് അറസ്റ്റിലായത്.
നെടുമണ്‍ കക്കാട്ടുകുഴിയില്‍ ഷാജഹാന്റെ വീടിന്റെ മുന്‍വശം പന്തല്‍ പണിക്കുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെഡ്ഡില്‍ നിന്നാണ് ഇവ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.30 ഓടെ പ്രതി മോഷ്ടിച്ചത്. 15000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.ഇയാള്‍ അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ 2009 ലും 2010 ലും രജിസ്റ്റര്‍ ചെയ്ത ദേഹോപദ്രവ കേസുകളില്‍ പ്രതിയാണ്.
പ്രതിയെ പറക്കോട് അറുകാലിക്കല്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. വിരലടയാളവിദഗ്ധര്‍, ഫോട്ടോഗ്രാഫര്‍ തുടങ്ങിയവരടങ്ങിയ ശാസ്ത്രീയ അന്വേഷണ സംഘം സ്ഥലത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രതിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മോഷ്ടാവ് ഉടനടി കുടുങ്ങിയത്. സംശയകരമായ സാഹചര്യത്തില്‍ ഓട്ടോറിക്ഷയുമായിട്ടാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഓട്ടോറിക്ഷയില്‍ പ്ലാസ്റ്റിക് ചാക്കില്‍ സൂക്ഷിച്ച നിലയില്‍14 പൈപ്പുകള്‍ പോലീസ് കണ്ടെടുത്തു.
ഡ്രൈവറെയും കൂടെയുള്ളയാളെയും ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായിട്ടാണ് ഇരുവരും പൊലിസിനോട് മറുപടി പറഞ്ഞത്. ഓട്ടോഡ്രൈവര്‍ ഏഴംകുളം നെടുമണ്‍ ഹസീന മല്‍സിലില്‍ ഹാരിസ്(33)എന്നും, ഒപ്പമുഉള്ളയാള്‍ ഏഴംകുളം തൊടുവക്കാട് പാറച്ചരുവില്‍ വീട്ടില്‍ നിയാസ്(39) എന്നും പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇരുവരെയും ഓട്ടോറിക്ഷയുമായി സ്‌റ്റേഷനിലെത്തിച്ച് വിശദമായിചോദ്യം ചെയ്തപ്പോള്‍ നിയാസ് നടത്തിയ മോഷണം വെളിവാകുകയായിരുന്നു. രാത്രിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് സി പി ഓ പ്രമോദ് , സി പി ഓമാരായ വിഘ്‌നേഷ് , ആനന്ദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.