പത്തനംതിട്ട: നഗരസഭ ജില്ലാ ആസ്ഥാനത്ത് നിര്‍മിക്കുന്ന തീയറ്റര്‍ കോംപ്ലക്‌സ് പദ്ധതിക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കിയെന്ന് ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍. കേരള അന്താരാഷ്ര്ട ചച്ചിത്രോത്സവത്തിന് മുന്നോടിയായി സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ടൂറിങ് ടാക്കീസ് വിളംബര ജാഥയ്ക്ക് നഗരത്തില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ബില്‍ഡ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ (ബി.ഓ.ടി) അടിസ്ഥാനത്തിലാകും തീയറ്റര്‍ നിര്‍മിക്കുക. ഇതിന് തയാറായി ഒരു കമ്പനി മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തീയറ്റര്‍ കോംപ്ലക്‌സ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. കൗണ്‍സില്‍ യോഗം ഒറ്റക്കെട്ടായിട്ടാണ് തീരുമാനം കൈക്കൊണ്ടതെന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരസഭയും ലൂമിയര്‍ ലീഗ് ഫിലിം സൊസൈറ്റിയും ചേര്‍ന്നാണ് വിളംബരജാഥയ്ക്ക് സ്വീകരണം നല്‍കിയത്.
ലൂമിയര്‍ ലീഗ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ജി. വിശാഖന്‍ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി അംഗം പ്രകാശ് ശ്രീധര്‍ സന്ദേശം നല്‍കി. ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്, നഗരസഭ കൗണ്‍സിലര്‍ കെ. ജാസിംകുട്ടി, സാഹിത്യകാരന്‍ വിനോദ് ഇളകൊള്ളൂര്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകരായ ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്, എം.എസ് സുരേഷ്, രഘുനാഥന്‍ ഉണ്ണിത്താന്‍, ജാഥാംഗങ്ങളായ സജിത്, അരുണ്‍, ഈശ്വര്‍, ഷാജി അമ്പാട്ട് എന്നിവര്‍ പങ്കെടുത്തു.
രാജ്യാന്തര ചലച്ചിത്ര മേളയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി നടത്തുന്ന ജാഥയ്ക്ക് ടൗണ്‍ ഹാളിലാണ് സ്വീകരണം നല്‍കിയത്. തുടര്‍ന്ന് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ പ്രദര്‍ശിപ്പിച്ചു.