റോഡിലെ കുഴി ഓട്ടോയാത്രക്കാരന്റെ ജീവനെടുത്തു: ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചത് അടൂര്‍ എം.സി റോഡിലെ കുഴിയില്‍: കുഴി കോണ്‍ക്രീറ്റ് ചെയ്ത് ട്രാഫിക് പോലീസ്

1 second read
Comments Off on റോഡിലെ കുഴി ഓട്ടോയാത്രക്കാരന്റെ ജീവനെടുത്തു: ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചത് അടൂര്‍ എം.സി റോഡിലെ കുഴിയില്‍: കുഴി കോണ്‍ക്രീറ്റ് ചെയ്ത് ട്രാഫിക് പോലീസ്
0

അടൂര്‍: ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. പന്നിവിഴ പുളിവിളയില്‍ പി.ജി.സുരേന്ദ്രന്‍(49) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ വൈഗയും ഓട്ടോറിക്ഷഡ്രൈവറും പരുക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഒന്‍പതിന് അടൂര്‍ എം.സി.റോഡില്‍ മോഡേണ്‍വേ ബ്രിഡ്ജിനു സമീപത്തായിരുന്നു അപകടം. ഈ ഭാഗത്തുള്ള വലിയ കുഴിയിലാണ് ഓട്ടോറിക്ഷ ചാടിയതും നിയന്ത്രണം വിട്ട് മറിഞ്ഞതും. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭാര്യയെ പന്നിവിഴയിലുള്ള വീട്ടില്‍ കൊണ്ടാക്കിയ ശേഷം മകളെ കിളിവയലിലെ ഭാര്യ വീട്ടില്‍ കൊണ്ടു വിടാന്‍ പോകുന്ന വഴിയിലാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ റോഡിന് നടുവില്‍ തലകീഴായി മറിഞ്ഞു. ഈ സമയം സുരേന്ദ്രനും മകളും പുറത്തേക്ക് തെറിച്ചു വീണുവെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
പരുക്കേറ്റ സുരേന്ദ്രനെ നാട്ടുകാര്‍ ഉടന്‍ തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് തലയ്‌ക്കേറ്റ പരുക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. വെല്‍ഡിങ് തൊഴിലാളിയായിരുന്നു സുരേന്ദ്രന്‍. ഭാര്യ: അമ്പിളി. മകന്‍: വൈഷ്ണവ്.

സുരേന്ദ്രന്റെ മരണത്തിന് കാരണമായ റോഡിലെ കുഴി ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് നികത്തി. രണ്ട് ദിവസം മുന്‍പ് സെന്‍ട്രല്‍ ജങഷന്‍ – നെല്ലിമൂട്ടിപ്പടി പാതയില്‍ വേ ബ്രിഡ്ജിന് സമീപം ഉള്ള കുഴിയില്‍ ഓട്ടോറിക്ഷ വീണ് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്നയാള്‍ മരണപ്പെട്ടിരുന്നു. ഇതോടെ ഈ മരണക്കുഴി നികത്താന്‍ പോലീസ് മുന്നിട്ടിറങ്ങുകയായിരുന്നു. ആഴ്ച്ചകള്‍ക്ക് മുന്‍പ് പൈപ്പ് പൊട്ടി രൂപപ്പെട്ട ഈ കുഴി നികത്താന്‍ വാട്ടര്‍ അതോറിറ്റിയോ കെ.ആര്‍.എഫ്.ബിയോ തയാറായിരുന്നില്ല. പോലീസ് ആവശ്യപ്പെട്ടിട്ടും കുഴി നികത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ട്രാഫിക് എസ്.ഐ ജി.സുരേഷ് കുമാര്‍ ഉള്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരാണ് കുഴിടയ്ക്കാന്‍ നേതൃത്വം നല്കിയത്. കുഴിയടയ്ക്കാനുള്ള സിമെന്റുള്‍പ്പെടെയുള്ള സാധനങ്ങള്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് ജീപ്പില്‍ എത്തിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെ രണ്ട് തൊഴിലാളികളുടെ സഹായത്തോടെ കുഴിയില്‍ കോണ്‍ക്രീറ്റിട്ട് ഉറപ്പിച്ചു. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഈ കുഴിയില്‍ വീണ് അപകടം ഉണ്ടായി. രാത്രിയായതിനാല്‍ വെളിച്ചക്കുറവ് മൂലം വാഹനങ്ങള്‍ കുഴിയില്‍ വന്ന് പതിക്കാറുണ്ട്. ഇത് വലിയ അപകടങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

 

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…